അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ മൂന്ന് വർഷത്തിന് ശേഷം ഇന്ന് ആശുപത്രി വികസന സമിതി യോഗം കൂടാൻ തീരുമാനം. ആശുപത്രിയിൽ നിരവധി വിഷയങ്ങളുണ്ടായിട്ടും വികസന സമിതിയോഗം വിളിച്ച് കൂട്ടാൻതയ്യാറാകാതിരുന്ന അധികൃതർ അടിയന്തിര യോഗം വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലാണെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എച്ച് .ഡി. സി സ്റ്റാഫ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് യൂണിയൻ നേതാക്കൾ കളക്ടറെ സമീപിച്ചെങ്കിലും എച്ച്.ഡി.സി യോഗം കൂടണമെന്ന മറുപടിയാണ് നൽകിയത്. തുടർന്നാണ് അടിയന്തിര യോഗം വിളിച്ച് കൂട്ടാൻ തീരുമാനമായത്. 2021 സെപ്തംബർ 9‌ ലെ ഉത്തരവ് പ്രകാരം ഈ വർഷം ഫെബ്രുവരി 26 ന് വികസന സമിതി പുന:സംഘടിപ്പിച്ചിരുന്നു. പുന:സംഘടനക്കു ശേഷവും വികസന സമിതി കൂടാൻ അധികൃതർ തയ്യാറായിട്ടില്ല. ജില്ലാ കളക്ടർ ചെയർമാനും ആശുപത്രി സൂപ്രണ്ട് സെക്രട്ടറിയുമായ വികസന സമിതിയിൽ എം.പി, എം.എൽ.എ, ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്തംഗങ്ങൾ എന്നിവരെ കൂടാതെ 18 അംഗങ്ങളും വികസന സമിതിയിലുണ്ട്.അംഗങ്ങളായ വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളും വികസന സമിതി ചേരാൻ ഒരാവശ്യവും ഇതുവരെ ഉന്നയിച്ചിട്ടില്ല. കൂടുന്ന വികസന സമിതികളിലെടുക്കുന്ന തീരുമാനം നടപ്പാക്കുന്ന കാര്യത്തിൽ വരുത്തുന്ന വീഴ്ച ചൂണ്ടിക്കാട്ടാൻ ഇതിലെ അംഗങ്ങളായ ജന പ്രതിനിധികളും രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളും തയ്യാറാകാറില്ല. മുൻപ് ഒരിക്കലുമില്ലാത്ത തരത്തിൽ ആശുപത്രിയിൽ ദിവസേനെ നിരവധി പ്രശ്നങ്ങൾ ഉണ്ടാകുകയാണ്. സർക്കാർ ഉത്തരവ് കാറ്റിൽപ്പറത്തി സെക്യൂരിറ്റി ജീവനക്കാർ കാക്കി യൂണിഫോം ധരിക്കുന്നതും ,രോഗികൾക്ക് ചികിത്സ വേണ്ട സമയത്ത് ലഭ്യമാകാത്തതും വാഹനാപകടങ്ങളിൽ ഗുരുതര പരിക്കേറ്റ് എത്തുന്നവരെ മറ്റുള്ള ആശുപത്രികളിലേക്ക് പറഞ്ഞു വിടുന്നത് ഉൾപ്പെടെയുള്ള ഗുരുതര പ്രശ്നങ്ങൾ ഉള്ളപ്പോഴും ഇവ ചർച്ച ചെയ്യാനും പ്രശ്നങ്ങൾ പരിഹരിക്കാനും ആശുപത്രി വികസന സമിതി കൂടിയിട്ടില്ല.