ambala

അമ്പലപ്പുഴ: വെള്ളക്കെട്ടിനെ തുടർന്ന് വാടയ്ക്കൽ അറപ്പ പൊഴി മുറിച്ചു. ഇന്നലെ ഉച്ചയോടെയാണ് ജെ.സി.ബി ഉപയോഗിച്ചു പൊഴിമുഖം മുറിച്ചത്. ഇതോടെ കടലിലേക്ക് കിഴക്കൻ വെള്ളത്തിന്റെ ശക്തമായ നീരൊഴുക്കുണ്ടായി. കടൽവെള്ളം കയറിയതിനെ തുടർന്ന് അറപ്പ പൊഴിയുടെ ശാഖകളായ ചെറുതോടുകൾ ഇന്നലെ രാവിലെ തന്നെ നിറഞ്ഞിരുന്നു. ഇതിനു സമീപമുള്ള വീടുകളും വെള്ളത്തിലായി. തീരദേശത്തെ താഴ്ന്ന പ്രദേശങ്ങളാണ് കൂടുതലായും വെള്ളത്തിലായത്. പൊഴിയിൽ നിന്ന് കടലിലേക്ക് ഒഴുക്കു കൂടിയതോടെ വെള്ളക്കെട്ടിന് താത്കാലിക പരിഹാരമായി. അതേസമയം പുന്നപ്ര, പറവൂർ, അമ്പലപ്പുഴ ഭാഗങ്ങളിൽ കടൽ ശക്തമായി തുടരുകയാണ്. കൂറ്റൻ തിരമാലകൾ കരയിലേക്കു ആഞ്ഞടിക്കുന്നുണ്ട്. കടൽ ഭിത്തിയില്ലാത്ത ഭാഗങ്ങളിൽ മീറ്ററുകളോളം കടൽ കരയിലേക്കു ഇരച്ചുകയറി. മീൻപിടുത്തക്കാർക്ക് കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ളതിനാൽ തീരദേശത്ത് നിന്ന് വള്ളങ്ങൾ കടലിൽ ഇറക്കിയില്ല.