ആലപ്പുഴ: പുതിയ കാലത്തെ ഹോമിയോപ്പതി വകുപ്പിന്റെ വിപുലമായ ചികിത്സാ സംവിധാനങ്ങളെ അടുത്തറിയാനെത്തിയത് നിരവധി പേർ. എന്റെ കേരളം പ്രദർശനവിപണന മേളയോടനുബന്ധിച്ച് ആയുഷ്‌ഹോമിയോപ്പതി വിഭാഗം സംഘടിപ്പിച്ച സെമിനാർ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ജെ.ബോബൻ ഉദ്ഘാടനം ചെയ്തു. വന്ധ്യതാ ചികിത്സയിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ ഹോമിയപ്പതി വകുപ്പിന് കഴിഞ്ഞതായി ജനനി പദ്ധതിയെക്കുറിച്ച് വിശദമാക്കിയ കൃഷ്ണപുരം ഡിസ്‌പെൻസറിയിലെ മെഡിക്കൽ ഓഫിസർ ഡോ.വി.സജീവ് പറഞ്ഞു. സ്ത്രീ സാന്ത്വന ചികിത്സയും ഹോമിയോപ്പതിയും എന്ന വിഷയത്തിൽ സീതാലയം പദ്ധതിയുടെ ജില്ലാ പ്രോജക്ട് കൺവീനർ ഡോ. എസ്.സിനിയും കൗമാരക്കാരുടെ മാനസിക വ്യക്തി വികാസത്തിൽ ഹോമിയോപ്പതിയുടെ പ്രസക്തി എന്ന വിഷയത്തിൽ സദ്ഗമയ പദ്ധതിയുടെ ജില്ലാ കൺവീനർ ഡോ. സബിതാ ജയനും സംസാരിച്ചു. ആരോഗ്യവും ആനന്ദവും ഹോമിയോപ്പതിയിലൂടെ എന്ന വിഷയം ഡോ. നീതു കൃഷ്ണൻ, ഡോ. ലിഞ്ജു കെ.കരുൺ എന്നിവരും അവതരിപ്പിച്ചു. ആയുഷ് വിഭാഗങ്ങളുടെ ശാക്തീകരണത്തിൽ ആയുഷ് മിഷന്റെ പങ്ക് എന്ന വിഷയം ദേശീയ ആയുഷ് മിഷൻ മെഡിക്കൽ ഓഫിസർ ഡോ. എസ്.ശ്യാം മോഹനും അവതരിപ്പിച്ചു. മാരാരിക്കുളം ഗവ.ഹോമിയോ ഡിസ്‌പെൻസറിയിലെ മെഡിക്കൽ ഓഫിസർ ഡോ. ഹേമാ തിലക് മോഡറേറ്ററായിരുന്നു. ദേശീയ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ.ജി.ശ്രീജിനൻ, ഡോ. അലക്‌സ് എന്നിവർ സംസാരിച്ചു. ഹോമിയോ വകുപ്പ് സംഘടിപ്പിച്ച വിവിധ യോഗാ മുറകളുടെ പ്രദർശനവും സെമിനാറിനു ശേഷം നടന്നു.