
തുറവൂർ: കോടംതുരുത്ത് പഞ്ചായത്തിലെ പ്രധാന റോഡായ എൻ.വി. പുരുഷൻ റോഡ് പൂർണമായി തകർന്നതോടെ നാട്ടുകാർ ദുരിതത്തിൽ . കുണ്ടും കുഴിയുമായ റോഡിലൂടെ സഞ്ചരിക്കണമെങ്കിൽ സർക്കസിൽ പ്രത്യേക ട്രെയ്നിംഗ് എടുക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. വിദ്യാർത്ഥികളടക്കം നൂറുക്കണക്കിന് പേർ ആശ്രയിക്കുന്നതാണീ റോഡ്. നിലവിൽ കാൽനട പോലും അസാദ്ധ്യമാണ്. ഒരു വർഷക്കാലമായി ഓട്ടോകളും ഇതുവഴി വരാറില്ല. മെറ്റലും ടാറും ഇളകിമാറി റോഡിലാകെ നിരവധി കുഴികൾ രൂപപെട്ടതിനാൽ മഴ പെയ്താൽ റോഡ് വെളളക്കെട്ടിലാകും. പെ യ്ത്തുവെള്ളം ഒഴുകി പോകുവാൻ കാനയും ഇതുവരെ നിർമ്മിച്ചിട്ടില്ല. 10 വർഷക്കാലമായി റോഡിൽ യാതൊരുവിധ അറ്റകുറ്റപ്പണികൾ പോലും നടത്താതിരുന്നതാണ് റോഡ് പൂർണമായി തകരാൻ കാരണം . ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് ഓഫീസിന്റെ തെക്കേ മതിലിനരികിൽ നിന്ന് ആരംഭിച്ച് 9-ാം വാർഡിന്റെ മദ്ധ്യത്തിലൂടെ കടന്നുപോകുന്ന റോഡ് എട്ടാം വാർഡിലാണ് അവസാനിക്കുന്നത്. കാലങ്ങളായി ഏറെ യാത്രാദുരിതം അനുഭവിക്കുന്ന ഈ പ്രധാന റോഡിന്റെ ശോചനീയാവസ്ഥയാകട്ടെ ജനപ്രതിനിധികൾ കാണാത്ത മട്ടാണ്. കോടംതുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് രോഗികളടക്കമുള്ളവർക്ക് എത്താനുള്ള ഏകാശ്രയം കൂടിയാണീ റോഡ്. അടിയന്തിരമായി എൻ.വി. പുരുഷൻ റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.