
മാന്നാർ:അലൂമിനിയ പാത്രങ്ങളുടെ ഈറ്റില്ലമായ മാന്നാറിൽ നിന്നും അലൂമിനിയ പാത്ര നിർമ്മാണം അന്യമാകുന്നു. മാന്നാറിൽ 12ഓളം അലൂമിനിയ സ്പിന്നിംഗ് ഫാക്ടറികൾ ഉണ്ടായിരുന്നെങ്കിൽ ഇന്ന് രണ്ടോ മൂന്നോ ഫാക്ടറികൾ മാത്രമാണ് പ്രവർത്തിക്കുന്നത്. 1960 ആഗസ്ത് 22 നു അന്നത്തെ വ്യവസായ വാണിജ്യ മന്ത്രിയായിരുന്ന കെ.എ ദാമോദര മേനോൻ തറക്കല്ലിടുകയും 1961 ആഗസ്റ്റ് 26 നു അന്നത്തെ ഗവർണറും മുൻരാഷ്ട്രപതിയുമായിരുന്ന വി.വി ഗിരി ഉദ്ഘാടനം നിർവഹിച്ചതുമായ മാന്നാറിലെ സതേൺമെറ്റൽ റോളിംഗ് മിൽസ് പ്രൈവറ്റ്ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനമാണ് കേരളത്തിലെ ആദ്യത്തെ അലൂമിനിയപാത്ര നിർമ്മാണ ഫാക്ടറി. വിലക്കുറവും ഭാരക്കുറവും അനായാസം കൈകാര്യം ചെയ്യുവാൻ കഴിയുന്നതും അലൂമിനിയത്തെ കൂടുതൽ ജനകീയമാക്കിയിരുന്നു. ചെറുകിട അലൂമിനിയപാത്ര നിർമ്മാണകേന്ദ്രങ്ങളുടെ എണ്ണം വർദ്ധിക്കുകയും മാന്നാറിലെ വിപണിയിൽ അലൂമിനിയ പാത്രങ്ങൾ സുലഭമാവുകയും ചെയ്തതോടെ ഓട്ടുപാത്ര വ്യവസായത്തോടൊപ്പം അലൂമിനിയപാത്ര വ്യവസായകേന്ദ്രമായും മാന്നാർ മാറിക്കഴിഞ്ഞിരുന്നു. പ്ലാസ്റ്റിക്, സ്റ്റീൽപാത്രങ്ങളുടെ മുന്നേറ്റവും അലൂമിനിയത്തിന്റെ വിലവർദ്ധനവും നിർമ്മാണ മേഖലയിൽ തിരിച്ചടിയേറ്റത് . നൈട്രിക്കാസിഡ്, കാസ്റ്റിക്സോഡ എന്നിവ ഉപയോഗിച്ച് പാത്രം വെളുപ്പിക്കുമ്പോഴുണ്ടാകുന്ന വാതകവും പൊടിപടലവും തൊഴിലാളികളെ മാറാരോഗികളാക്കിയതോടെ പുതിയ തൊഴിലാളികൾ ഈ മേഖലയിലേക്ക് കടന്നു വരാതായി. വൈദ്യുത ചാർജ് വർദ്ധനവും അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യവും നിർമ്മാണ കേന്ദ്രങ്ങൾ ഒന്നൊന്നായി അടച്ചുപൂട്ടുകയാണ്.
......
'' അടിക്കടിയുണ്ടാകുന്ന അലൂമിനിയത്തിന്റെ വിലവർദ്ധനയും പഴയതിനു 18 ശതമാനം നികുതിവർദ്ധനവും സ്‌കിൽഡ് ലേബേഴ്‌സിന്റെ കുറവും അലൂമിനിയം നിർമ്മാണ മേഖലക്ക് തിരിച്ചടിയായി.
(സലിം പടിപ്പുരയ്ക്കൽ, അലൂമിനിയ നിർമ്മാണ കേന്ദ്രം ഉടമ, മാന്നാർ ഗ്രാമപഞ്ചായത്തംഗം )
അമിതമായ ഉത്പാദനച്ചെലവ് വില വർദ്ധനയ്ക്ക് കാരണമായതോടെ അലൂമിനിയ പാത്ര വ്യാപാരം ലാഭാകരമല്ലാതായി. സർക്കാർ ഏജൻസികളുടെ നിയന്ത്രണങ്ങളും മറ്റും അലൂമിനിയ നിർമ്മാണകേന്ദ്രങ്ങളുടെ നടത്തിപ്പിൽ നിന്നും വിട്ടുനിൽക്കാൻ ഉടമകളെ പ്രേരിപ്പിച്ചതോടെ മാർക്കറ്റിൽ ആവശ്യമായ തോതിൽ ചരക്കുകൾ ലഭിക്കാതായി.
(കെ.എ.അബ്ദുൽ അസീസ്, വ്യാപാരി, മാന്നാർ)
കഠിനാധ്വാനം ഏറ്റവും ആവശ്യമായ ഈ തൊഴിൽ മേഖലയിലേക്ക് പുതിയതായി ആരും കടന്നു വരുന്നില്ല. സ്ഥിരമായി ജോലിയില്ലാത്തതും അദ്ധ്വാനത്തിനനുസരിച്ചുള്ള കൂലി ലഭിക്കാത്തതും തൊഴിലാളികൾ മറ്റ് തൊഴിൽ മേഖലകളിലേക്ക് തിരിയുവാൻ കാരണമാകുന്നു.
(ജോയി, മേനാമ്പള്ളിൽ, ഇരമത്തൂർ, നിർമ്മാണ തൊഴിലാളി)