
അമ്പലപ്പുഴ: വണ്ടാനത്ത് എ.ഐ.വൈ.എഫ് സ്ഥാപിച്ച എം.എൻ സ്മാരക സ്മൃതി മണ്ഡപം സി.പി.എം നേത്യത്വം നൽകുന്ന ഭരണ സമിതി പൊളിച്ചു നീക്കിയതിന് പിന്നാലെ, സി.പി.ഐ യുടെ കൊടിമരം തകർത്ത നിലയിൽ. പുറക്കാട് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് കരൂർ ജംഗ്ഷനിൽ സ്ഥാപിച്ച സി. പി .ഐ, എ. ഐ. വൈ. എഫിന്റെ കൊടിമരവും തോരണങ്ങളുമാണ് കഴിഞ്ഞ രാത്രിയിൽ നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്.ഏപ്രിൽ 24ന് നടന്ന ലോക്കൽ സമ്മേളന പ്രചരണത്തിന്റെ ഭാഗമായി സ്ഥാപിച്ചതായിരുന്നു കൊടിമരവും തോരണങ്ങളും. മുളയിൽ തീർത്ത കൊടിമരമാണ് നശിപ്പിച്ചത്.ഇരുമ്പ് പൈപ്പിൽ തീർത്ത മറ്റൊരു കൊടിമരം തകർക്കാനും ശ്രമം നടത്തിയിട്ടുണ്ട്.ഏതാനും ദിവസം മുൻപ് വണ്ടാനത്ത് സി.പി.ഐ, എ.ഐ.വൈ.എഫ് കൊടിമരവും സ്മൃതി മണ്ഡപവും സി.പി.എം നേതൃത്വം നൽകുന്ന ഭരണ സമിതി തകർത്തത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഈ സംഭവത്തോടെ എൽ.ഡി.എഫ് പരിപാടികളിൽ നിന്ന് വിട്ടു നിൽക്കാനും സി.പി.ഐ തീരുമാനിച്ചിരുന്നു .ഇതിന് പിന്നിൽ ആരാണെന്ന് അറിയാമെന്നും തങ്ങളെ കൂടുതൽ ശക്തമായ നടപടികളിലേക്ക് കടത്തരുതെന്നും സി.പി.ഐ ജില്ലാ കൗൺസിലംഗം വി.സി. മധു, ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.അനീഷ് എന്നിവർ പറഞ്ഞു. കൊടിമരം തകർത്തതുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയതായും ഇവർ പറഞ്ഞു.