ആലപ്പുഴ: മിന്നൽ വേഗത്തിൽ നടന്ന എ.സി റോഡ് നവീകരണത്തോടനുബന്ധിച്ചുള്ള ജോലികൾ തുടർച്ചയായി പെയ്യുന്ന തോരാമഴയെ തുടർന്ന് നിർമ്മാണ ജോലികൾക്ക് വേഗത കുറഞ്ഞു. അതേസമയം നവീകരണ ജോലികൾ പുരോഗമിക്കുന്നതിനിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. പകലും രാത്രിയിലും എ.സി റോഡ് വഴിയുള്ള യാത്ര ദുരിതപൂർണമാണ്. അപകടം പതിവാകുന്നു. വേനമഴയെത്തുടർന്ന് കെട്ടിക്കിടക്കുന്ന വെള്ളവും ഇരുചക്രവാഹന യാത്രക്കാർക്ക് ഭീഷണിയാണ്. പമ്പാനദിയ്ക്ക് കുറുകെ നിർമ്മിക്കുന്ന പള്ളാത്തുരുത്തി പാലത്തിന്റെ പുതിയ രൂപരേഖയ്ക്ക് ദേശീയ ജലപാത അതോറിട്ടിയുടെ അനുമതി ലഭിച്ചിട്ടും, മൂന്ന് മാസമായി നിറുത്തി വച്ച പൈലിംഗ് ജോലികൾ പുനരാംഭിച്ചില്ല. പള്ളാത്തുരുത്തിയിൽ പുതിയ പാലം നിർമ്മിക്കുന്നതിനായി ജനുവരിയിൽ പൈലിംഗ് ജോലികൾ ആരംഭിച്ചെങ്കിലും ദേശീയജലപാത അതോറിട്ടിയുടെ ചട്ടം ലംഘിച്ചുള്ള നിർമ്മാണമായതിൽ നിറുത്തിവയ്‌ക്കേണ്ടി വന്നു. കിടങ്ങറ, നെടുമുടി എന്നിവിടങ്ങളിൽ സമാന്തര പാലത്തിന്റെയും മങ്കൊമ്പ് ബ്ലോക്ക് – ഒന്നാംകര ഭാഗത്തും മങ്കൊമ്പ് തെക്കേക്കര, ജ്യോതി ജംഗ്ഷൻ – പാറശേരി ഭാഗത്തുമുള്ള മേൽപ്പാലങ്ങളുടെയും ജോലികൾ പുരോഗമിക്കുകയാണ്. നെടുമുടി പാലത്തിന്റെ ഇരുകരകളിലേക്കുള്ള അപ്രോച്ച് പാലങ്ങളുടെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായി. പ്രധാന പാലത്തിന്റെ ബീമിന്റെ ജോലികൾ അന്തിമഘട്ടത്തിലാണ്. പാലത്തിന്റെ സ്ളാബിനുള്ള കമ്പിപണികൾ ആരംഭിച്ചു. റോഡ് പുതുക്കി പണിയുന്ന ജോലിയുടെ പ്രാരംഭ പ്രവർത്തനം ആരംഭിച്ചു. വിവിധ ഇടങ്ങളിൽ നിർമ്മിക്കുന്ന ക്രോസ് വേകളുടെ നിർമ്മാണവും പുരോഗമിക്കുന്നു. മഴക്കാലത്ത് തുടർച്ചയായി വെള്ളക്കെട്ടുണ്ടാകുന്ന ഭാഗങ്ങളിലാണ് ക്രോസ്‌വേ നിർമ്മിക്കുന്നത്. റോഡിൽ നിന്ന് ഒന്നര മീറ്റർ ഉയരത്തിലാണ് നിർമ്മാണം. മാമ്പുഴക്കരി, നെടുമുടി പാലങ്ങൾക്ക് കിഴക്കുവശത്തും പൂപ്പള്ളി ജംഗ്ഷനിലും ക്രോസ്‌വേ നിർമ്മിക്കാനാണ് പദ്ധതി. ചെറുമാലങ്ങളുടെ ജോലികൾ പൂർത്തിയായി. റോഡ് പൊളിച്ച് ഉയർത്തുന്നതിനുള്ള ജോലികൾ മഴയെ തുടർന്ന് തടസപെട്ടത്.