ചേർത്തല:താലൂക്ക് ആശുപത്രിയിലെ ശോചനീയാവസ്ഥയുടെ പേരിൽ നഗരസഭാ കൗൺസിൽ യോഗത്തിൽ വാക്‌പോര്.ആശുപത്രി വിഷയം പ്രത്യേക അജണ്ടയായി കൗൺസിൽ ചർച്ചചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. രോഗികളടക്കം ഉയർത്തുന്ന പരാതികളെ അധികൃതർ തള്ളികളയുകയാണെന്ന് ബി.ജെ.പിയും വിമർശനമുയർത്തി.ആശുപത്രിയിൽ നടപ്പാക്കിയകാര്യങ്ങളുയർത്തി ഭരണപക്ഷം ഇതിന് എതിർവാദങ്ങളും ഉയർത്തി.
ദേശീയ അംഗീകാരം ഉണ്ടായിരുന്ന ആശുപത്രിയുടെ വികസനം അട്ടിമറിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.ഇപ്പോഴും ചികിത്സതേടി ആശുപത്രിയിലേക്കെത്തുന്നവരെ മറ്റാശുപത്രികളിലേക്ക് റഫർ ചെയ്യുന്ന ഏർപ്പാട് മാത്രമാണ് സുഗമമായി നടക്കുന്നതെന്ന് കോൺഗ്രസ് അംഗം ബി.ഭാസി ആരോപിച്ചു. ഓപ്പറേഷൻ തീയറ്റർ സജ്ജമായില്ല,സിസേറിയൻ ഒഴിച്ചുള്ള ശസ്ത്രക്രിയകൾ സുഗമമായി നടക്കുന്നില്ല,വെള്ളക്ഷാമം,രണ്ടു വർഷമായി അടഞ്ഞുകിടക്കുന്ന പേവാർഡ് തുറക്കാനായില്ല തുടങ്ങിയ വിമർശനങ്ങളും അംഗങ്ങൾ ഉയർത്തി.ഈ വിഷയങ്ങൾ പ്രത്യേക അജണ്ടയാക്കി ചർച്ചനടത്തണമെന്നും ആവശ്യപ്പെട്ടു. ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ആശാമുകേഷും ആശുപത്രിയിലെ വെള്ളക്ഷാമം കൗൺസിലിൽ ഉന്നയിച്ചു.ആശുപത്രിയുടെ പ്രവർത്തനങ്ങൾ താളംതെറ്റിയിരിക്കുകയാണെന്നും ഗൗരവമായ ഇടപെടൽ വേണമെന്നും സി.പി.ഐ അംഗമായ പി.എസ്.ശ്രീകുമാറും ആവശ്യപ്പെട്ടു.
എന്നാൽ ആശുപത്രിയിൽ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു പോകുന്നുണ്ടെന്നും കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും ചെയർപേഴ്‌സൺ ഷേർളിഭാർഗവൻ പറഞ്ഞു.ആശുപത്രിയിൽ വെള്ളക്ഷാമമുണ്ടെന്നത് തെറ്റായ പ്രചരണമാണെന്നും പറഞ്ഞു.