കൊച്ചി: കലൂർ ഗ്രീറ്റ്സ് സ്കൂളിന് സമീപത്തെ വീട്ടിൽ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ അരൂക്കുറ്റി സ്വദേശിയും കടവന്ത്രയിലെ സ്വകാര്യ സെക്യൂരിറ്റി ഏജൻസിലെ ജീവനക്കാരനുമായ അജയകുമാറാണ് (58) മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ഉന്തുവണ്ടിയിൽ പച്ചക്കറി വിൽക്കുന്നയാളാണ് മൃതദേഹം ആദ്യം കണ്ടത്. ഉടൻ സമീപവാസികളെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ ബാഗിൽ നിന്ന് ഹൃദ്രോഗത്തിന് കഴിക്കുന്ന മരുന്നുകൾ കണ്ടെത്തിയിട്ടുണ്ട്.
വീട്ടുടമയും സഹായിയും മൂന്ന് ദിവസത്തേക്ക് തൃപ്രയാർ പോയിരുന്നു. പതിവായി പച്ചക്കറി വാങ്ങുന്ന വീട്ടമ്മയെ കാണാതായതോടെ വീട്ടിൽ അന്വേഷിച്ച് എത്തിയപ്പോഴാണ് കച്ചവടക്കാരൻ അജയകുമാറിനെ മരിച്ചനിലയിൽ കണ്ടത്. എറണാകുളം നോർത്ത് പൊലീസ് ഇന്റക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.