ചാരുംമൂട് : ഭരണിക്കാവ് ബ്ളാക്ക് പഞ്ചായത്ത് മണയ്ക്കാട് ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും.

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് . പോളിംഗ് സാമഗ്രികൾ നേരിട്ട് സെക്ടറൽ ഓഫീസർമാർ മുഖാന്തിരം ഇന്നലെ ബൂത്തുകളിലെത്തിച്ചു. വള്ളികുന്നം ഗ്രാമപഞ്ചായത്തിലെ 8 വാർഡുകൾ ഉൾപ്പെടുന്ന ഡിവിഷനിൽ ആകെ 12680 വോട്ടർമാരാണുള്ളത്. ഇതിൽ 6847 സ്ത്രീകളും 5833പുരുഷൻമാരുമാണ്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുള്ളതായും വോട്ടെണ്ണൽ 18 ന് രാവിലെ 10 ന് നടക്കുമെന്നും എ.ആർ.ഒദിൽഷാദ് അറിയിച്ചു. മൂന്നു മുന്നണി സ്ഥാനാർത്ഥികളും ഒരു സ്വതന്ത്രനുമുൾപ്പെടെ നാലു സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. എൽ.ഡി.എഫിലെ കെ.വി.അഭിലാഷ് കുമാർ , യു.ഡി.എഫിലെ സുഹൈർ വള്ളികുന്നം, എൻ.ഡി.എ.യിലെ അഡ്വ.ഹരീഷ് കാട്ടൂർ എന്നിവരാണ് ത്രികോണ മത്സരത്തിൽ പോരാട്ടം നടത്തുന്നത്. ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പി.ചന്ദ്രബോസാണ് സ്വതന്ത്ര സ്ഥാനാർത്ഥി. മുന്നണി സ്ഥാനാർത്ഥികൾ മൂന്നുപേരും വിജയ പ്രതീക്ഷയിലാണ്. സി.പി.എമിലെ അഡ്വ.എസ് രാജേഷിന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.