
വള്ളികുന്നം : 50 വർഷം മുമ്പ് തോപ്പിൽ ഭാസിയുടെ ഭാര്യ അമ്മിണിയമ്മയുടെ കൈയിൽ നിന്ന് 75 രൂപയ്ക്ക് ഒരു പശുവിനെ വാങ്ങി തുടങ്ങിയതാണ് പരമേശ്വരൻ നായരും ദേവകിയമ്മയും ഉപജീവനത്തിനായുള്ള പശുവളർത്തൽ. പിന്നീടിങ്ങോട്ട് ഇവരുടെ ലോകം പശുക്കൾക്കൊപ്പമായിരുന്നു. പ്രായം കടന്നുപോകുമ്പോഴും 'ചുറുചുറുക്കോടെ" ഇന്നും തൊഴിലിൽ സജീവമാണ് ഈ ദമ്പതികൾ.
വള്ളികുന്നം മoത്തിലേത്ത് ജംഗ്ഷൻ വലിയ വീട്ടിൽ കിഴക്കതിൽ പരമേശ്വരൻ നായർക്ക് ഇപ്പോൾ (പാച്ചു പിള്ള) വയസ് 75 ആയി. ഭാര്യ ദേവകിയമ്മയ്ക്ക് 69ഉം. ഇപ്പോഴും വെളുപ്പിന് നാലു മണിക്ക് എഴുന്നേറ്റ് പശുക്കളുടെ പരിചരണം തുടങ്ങും. 24 പശുക്കളാണ് ഇപ്പോൾ ഇവരുടെ തൊഴുത്തിലുള്ളത്. കർഷക ഗ്രാമമായ വള്ളികുന്നത്ത് തനിക്ക് പിന്നാലെ ക്ഷീരകർഷക രംഗത്തേക്ക് എത്തിയവർ അവാർഡുകളൊക്കെ വാങ്ങിക്കൂട്ടുമ്പോഴും തന്നെത്തിരക്കി ഒരു അവാർഡും എത്താത്തതിൽ പാച്ചുപിള്ളയ്ക്ക് തെല്ലുമില്ല ദുഃഖം. തുടക്കം മുതൽ ആസ്വദിച്ചാണ് ഈ തൊഴിൽ ചെയ്യുന്നത്. അതുകൊണ്ട് പ്രായം തളർത്തുന്നേയില്ല. വള്ളികുന്നം പുഞ്ചയുടെ ഓരത്ത് മുളങ്കാടും കുളവും ഒക്കെയായി കാഴ്ചയുടെ വേറിട്ട ലോകം തുറക്കുന്നതാണ് പാച്ചുപിള്ളയുടെ പശുത്തൊഴുത്ത്. പശുക്കൾക്ക് വേണ്ട പുല്ലും വയലിനരികിൽ കൃഷി ചെയ്യുന്നുണ്ട്.
വീട്ടിലെത്തുന്ന ആവശ്യക്കാർക്ക് നൽകിയ ശേഷം ബാക്കി പാൽ സൊസൈറ്റിയിൽ നൽകും. പണ്ട് അതിരാവിലെ തന്നെ വീടിന് മുന്നിൽ പാൽവാങ്ങുന്നവരുടെ നീണ്ട നിരയുണ്ടായിരുന്നു. ലിറ്ററിന് 90 പൈസയ്ക്ക് ആയിരുന്നു ആദ്യകാലത്ത് പാൽ വിറ്റിരുന്നതെന്ന് പാച്ചുപിള്ള ഓർക്കുന്നു. പശുവളർത്തൽ തുടങ്ങിയ കാലം മുതൽ ഇന്നുവരെയും പശുക്കളെ കറക്കുന്നത് പാച്ചുപിള്ളയും ദേവകിയമ്മയും ചേർന്നാണ്. ഒട്ടേറെ കർഷകരെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആദരിക്കുന്നുണ്ടെങ്കിലും ഒരു തവണ പോലും അധികൃതർ തന്നെത്തേടിയെത്തിയിട്ടില്ലെന്ന് പറയുമ്പോഴും പരിഭവത്തിന്റെ സ്വരം പാച്ചുപിള്ളയുടെ വാക്കുകളിലില്ല. നരേന്ദ്രനാഥാണ് ഈ ദമ്പതികളുടെ ഏകമകൻ.