paddy

ആലപ്പുഴ: കാലാവസ്ഥ അടിക്കടി ചതിക്കുമ്പോൾ കുട്ടനാട്, അപ്പർ കുട്ടനാട് കരിനില പാടശേഖരങ്ങളിൽ രണ്ടാം കൃഷിയിൽ നിന്ന് കർഷകർ പിന്മാറുന്നു.

10,000 ഹെക്ടറിലാണ് രണ്ടാംകൃഷിക്ക് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്. 2018ലെ മഹാപ്രളയത്തിന് ശേഷം രണ്ടാം കൃഷിക്കുള്ള വിളവിറക്ക് വിസ്തൃതി ഓരോവർഷവും കുറഞ്ഞു. 2018ൽ 11,987 ഹെക്ടർ വിതച്ചെങ്കിൽ 2021ൽ 8357ഹെക്ടറായി ചുരുങ്ങി. കാലാവസ്ഥാ വ്യതിയാനമാണ് കൃഷിയിൽ നിന്ന് കർഷകർ പിൻമാറുന്നതിന് കാരണം. അടിക്കടിയുള്ള മഴയാണ് കൊയ്ത്തും വിതയും തടസപ്പെടുത്തുന്നത്. രണ്ടാംകൃഷിക്ക് ഒക്ടോബർ മുതൽ ഡിസംബർ ആദ്യവാരം വരെ വിത പൂർത്തീകരിക്കുകയാണ് മുൻകാലങ്ങളിലെ പതിവ്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ജൂണിൽ ആരംഭിച്ച് സെപ്തംബറിൽ അവസാനിക്കുന്ന തരത്തിലാണ് വിളവിറക്കുന്നത്.

കാലവർഷം സജീവമാകുന്ന കാലത്താണ് വിളവ് ഇറക്കുന്നതിനാൽ വിളനാശം കൂടാനുള്ള സാധ്യതയും കർഷകരെ പിന്തിരിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ തകഴിയിലെ പനവേലി, തേരേക്കരി എന്നീ പാടശേഖരങ്ങളിൽ രണ്ടാംകൃഷിക്ക് വിത്തു വിത ആരംഭിച്ചത്. മേയിൽ മറ്റ് പാടശേഖരങ്ങൾ നിലം ഒരുക്ക് ജോലികൾ നടക്കുന്നതിനിടെ അനുഭവപ്പെട്ട മഴയും വെള്ളപ്പൊക്കവും മൂലം ഉണ്ടായ മടവീഴ്ചയും വിത വീണ്ടും വൈകിച്ചു. ജൂൺ ആദ്യവാരം ആരംഭിച്ച വിത പിന്നീട് സെപ്തംബർ 9ന് പൂർത്തീകരിച്ചു. ഇത്തവണ നിലം ഒരുക്കൽ ജോലിപോലും ആരംഭിച്ചിട്ടുമില്ല. കാലാവസ്ഥാ വ്യതിയാനവും വെള്ളപ്പൊക്ക ഭീഷണിയുമാണ് കർഷകരെ പിന്നോട്ട് വലിക്കുന്നത്. നിലവിൽ 120 ദിവസം പ്രായമെത്തുമ്പോൾ വിളവെടുക്കുന്ന വിത്തിന് പകരം കുറഞ്ഞ കാലയളവിൽ വിളവ് ലഭിക്കുന്ന വിത്ത് കർഷകരിൽ എത്തിക്കുന്നതിനുള്ള നടപടി എടുക്കാത്തതും തിരിച്ചടിയായി. കൊയ്‌തെടുക്കുന്ന നെല്ല് താമസമില്ലാതെ സംഭരിക്കാത്തതാണ് ഇത്തവണ കർഷകരെ കണ്ണീരിലാക്കിയത്. കർഷകരുടെ ആവശ്യത്തെ തുടർന്ന് കൂടുതൽ കൊയ്ത്ത് യന്ത്രങ്ങൾ എത്തിക്കുമെന്ന് കൃഷിവകുപ്പും ജില്ലാ ഭരണകൂടവും നൽകിയ ഉറപ്പ് പാലിക്കാതിരുന്നതാണ് കൃഷിനാശത്തിന്റെ ആക്കം കൂട്ടിയതെന്നാണ് ആക്ഷേപം.

# വേണം ഹ്രസ്വകാല വിത്ത്

കാലാവസ്ഥ വ്യതിയാനം തുടരുന്നതിനാൽ ഇനി കുട്ടനാടൻ പാടശേഖരങ്ങളിൽ ഹ്രസ്വകാല വിത്ത് ഇനങ്ങളാണ് വിളവിറക്കേണ്ടതെന്ന് വിദഗ്ദ്ധർ പറയുന്നു. 105ദിവസത്തിനുള്ളിൽ വിളവെടുക്കാൻ കഴിയുന്ന ജ്യോതി, മനുരത്‌നം, ത്രിവേണി, മകം തുടങ്ങിയ ഇനത്തിലുള്ള നെൽവിത്തുകൾ വിളവിറക്കിയാൽ നാശത്തിന്റെ തോത് കുറക്കാനാകും. ഇതിന്പുറമേ പഴയ കാർഷിക കലണ്ടർ പുനർനിർണയം നടത്താനും കൃഷിവകുപ്പ് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നു.

# പുഞ്ചക്ക് റെക്കാഡ് വിളനാശം

പുഞ്ചകൃഷിക്ക് ഇത്തവണ റെക്കാഡ് വിളവ് ലഭിക്കുമെന്നായിരുന്നു കർഷകരുടെയും കൃഷിവകുപ്പിന്റെയും കണക്കുകൂട്ടൽ. എന്നാൽ തോരാമഴയും വെള്ളപ്പൊക്കവും യന്ത്രക്ഷാമവും കർഷകരെ കണ്ണീരിലാഴ്ത്തി. 27,493 ഹെക്ടറിലാണ് വിളവിറക്കിയത്. 23,000ഓളം ഹെക്ടറിലാണ് ഇതുവരെ വിളവെടുക്കാനായത്. മഴയിൽ നിലംപൊത്തിയ നെല്ല് കിളിർത്ത് പൊങ്ങിയതോടെ പലരും കൊയ്ത്ത് ഉപേക്ഷിച്ചു. 12,000ൽ അധികം ഹെക്ടർ നെല്ല് പൂർണമായും വെള്ളത്തിൽ മുങ്ങി നശിച്ചു. ഒരു ഹെക്ടറിന് അഞ്ചുടൺ നെല്ല് ലഭിക്കുമെന്നായിരുന്നു കർഷകരുടെയും കൃഷി വകുപ്പിന്റെയും കണക്കുകൂട്ടൽ.

30,0000

കുട്ടനാട്ടിൽ നെൽകൃഷി

ആകെ വിസ്തൃതി 30,0000 ഹെക്ടർ

രണ്ടാംകൃഷി വിളവിലെ കുറവ്

വർഷം, വിളവിറക്കൽ ഹെക്ടറിൽ

2018.........11,987

2019.........10,509

2020..........9,448

2021..........8,357

2022..........10,000(പ്രതീക്ഷിക്കുന്നത്)