
ആലപ്പുഴ: വിലക്കയറ്റ പ്രതിസന്ധിയിൽ ഉലഞ്ഞ് ജില്ലയിലെ സ്കൂൾ അടുക്കള. അരി,പച്ചക്കറി, പാചകവാതകം തുടങ്ങി എല്ലാത്തിനും വില വർദ്ധിച്ചതോടെ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനു ക്രമീകരണം അദ്ധ്യാപകർക്ക് തലവേദനയായി മാറി. പുതിയ അദ്ധ്യയന വർഷം ആരംഭിക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കേ, കണക്കുകൂട്ടലുകൾ താളം പിഴയ്ക്കുമോ എന്ന ആശങ്കയിലാണ് അദ്ധ്യാപകർ. 2016ൽ ഉച്ചഭക്ഷണ ചെലവിലേക്ക് അനുവദിച്ച തുകയാണ് സർക്കാർ ഇപ്പോഴും നൽകുന്നത്. സാധനങ്ങളുടെ വില നിലവാരം അനുസരിച്ച് ഫണ്ട് അനുവദിക്കണമെന്നാണ് ആവശ്യം. സാധനങ്ങൾ സ്‌കൂളുകളിലെത്തിക്കുന്നതിനുള്ള വാഹനക്കൂലി കൂടി കൂട്ടുമ്പോൾ ബഡ്ജറ്റ് അടിമുടി താളംതെറ്റും. അരി സൗജന്യമായി ലഭിക്കുന്നതാണ് ഏക ആശ്വാസം. ഭൂരിഭാഗം സ്കൂളുകൾക്കും പി.ടി.എ ഫണ്ട് കണ്ടെത്താനുള്ള സാഹചര്യമില്ല. വിദ്യാർത്ഥികൾക്ക് ആഴ്ച്ചയിൽ രണ്ട് ദിവസം ഒരു ഗ്ലാസ് പാലും, ഒരു ദിവസം മുട്ടയും നൽകണം. അദ്ധ്യായന നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം ഉച്ചഭക്ഷണ വിതരണവും തലയിലായതോടെ നക്ഷത്രമെണ്ണുന്ന അവസ്ഥയാണ് ഏറെ നാളുകളായി നേരിടുന്നതെന്ന് പ്രഥമാദ്ധ്യാപകർ പറയുന്നു.
തൊഴിലാളികൾക്ക് കട്ടിപ്പണി
സ്കൂളുകളിൽ 250 കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാൻ ഒരു തൊഴിലാളി എന്നതാണ് കണക്ക്. എന്നാൽ ഇത് 150 കുട്ടികൾക്ക് ഒരാൾ എന്ന നിരക്കിലേക്ക് തിരുത്തണമെന്ന് പാചക തൊഴിലാളികൾ ആവശ്യപ്പെടുന്നു. പച്ചക്കറികൾ അരിയുന്നത് മുതൽ ചെമ്പ് കഴുകുന്നത് വരെ ഒറ്റയ്ക്ക് ചെയ്യുന്നത് പ്രായോഗികമല്ലാത്തതിനാൽ കൂട്ടിന് ഒരാളെ കൂടി സ്വന്തം ചെലവിൽ കൂട്ടിയാണ് പല തൊഴിലാളികളും പാചകം പൂർത്തിയാക്കാറുള്ളത്. പ്രതിദിന വേതനമായി ലഭിക്കുന്ന 600 രൂപയിൽ നിന്നാണ് സഹായിക്കുള്ള വേതനവും നൽകുന്നത്. വിരമിക്കുന്ന പാചക തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റിയോ മറ്റേതെങ്കിലും ആനുകൂല്യമോ ലഭിക്കാറില്ല.
തുക അനുവദിക്കുന്നത്
150 കുട്ടികൾ വരെ : 8 രൂപ (ഒരു കുട്ടിക്ക്)
150 - 500 : 7 രൂപ
500ന് മുകളിൽ : 6 രൂപ
ജില്ലയിൽ പാചക തൊഴിലാളികൾ : 750
''ഇപ്പോൾ അനുവദിക്കുന്ന തുക ഒന്നിനും തികയില്ല. പലപ്പോഴും സ്വന്തം ചെലവിലാണ് സാധനങ്ങൾ വാങ്ങുന്നത്. പഴയ നിരക്ക് അടിയന്തരമായി പുതുക്കണം. സാധനങ്ങളുടെ വിലനിലവാരമനുസരിച്ച് വേണം ഓരോ കുട്ടിക്കും ഭക്ഷണത്തിനുള്ള തുക അനുവദിക്കേണ്ടത്.
-അദ്ധ്യാപകർ
''പാചകത്തൊഴിലാളികളുടെ ജോലി ഭാരം കുറയ്ക്കാൻ 150 കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന മാനദണ്ഡം കൊണ്ടുവരണം. കൂടാതെ വിരമിക്കുന്ന തൊഴിലാളിക്ക് ആനുകൂല്യങ്ങൾ നൽകാനും സർക്കാർ തയ്യാറാകണം
സുരേഷ് സൂര്യമംഗലം, ജില്ലാ പ്രസിഡന്റ്, സ്കൂൾ പാചകതൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി)