മാന്നാർ: കൊയ്യാൻ കഴിയാതെ വെള്ളത്തിൽ മുങ്ങിയ നെൽപ്പാടം ആറ്റുനോറ്റ് കാത്തിരുന്ന കർഷകർക്ക് തോരാത്ത കണ്ണീരാണ് സമ്മാനിക്കുന്നത്. അപ്പർ കുട്ടനാടൻ മേഖലയായ മാന്നാർ കൃഷിഭവന് കീഴിലുള്ള കുരട്ടിശ്ശേരി പുഞ്ചയിലെ ആയിരത്തി അഞ്ഞൂറോളം ഏക്കറിൽ പകുതിയോളം പാടത്തെ നെല്ല് കൊയ്യാൻ കഴിയാതെ വെള്ളത്തിൽ മുങ്ങിയതാണ് കർഷകരെ കണ്ണീരിലാഴ്ത്തിയത്. നാലുതോട് , വേഴത്താർ, കണ്ടങ്കേരി, കുടവെള്ളാരി എ, ബി, ഇടപ്പുഞ്ച ഈസ്റ്റ്, വെസ്റ്റ്, അരിയോടിച്ചാൽ തുടങ്ങിയ പാടശേഖരങ്ങളിലായി 2000 ഏക്കർ വരുന്ന കുരട്ടിശ്ശേരി പുഞ്ചയിൽ 1500 ഏക്കറിലാണ് കൃഷിയിറക്കിയത്. അപ്രതീക്ഷിതമായെത്തിയ കാലാവസ്ഥാ വ്യതിയാനം എല്ലാവരുടെയും കണക്കു കൂട്ടലുകൾ തെറ്റിച്ച് കളഞ്ഞു. കോടിക്കണക്കിനുരൂപയുടെ നെല്ലാണ് വെള്ളത്തിൽ മുങ്ങികിടക്കുന്നത്.
കഴിഞ്ഞഎട്ടിന് കൊയ്ത്ത്നടന്ന കണ്ടങ്കേരിപ്പാടത്ത് നെല്ല്സംഭരണം നടക്കാത്തതിനാൽ പത്ത്ദിവസത്തോളമായി നെല്ല് കെട്ടിക്കിടക്കുകയാണ്. നെല്ല്സംഭരണം അനിശ്ചിതത്വത്തിലായതോടെ പാടത്തും ബണ്ട് വരമ്പത്തും മുടകൂട്ടിയനെല്ല് മഴനനഞ്ഞ് നശിക്കുമെന്ന ഭീതിയിൽ കർഷകർ കൊയ്ത്ത് ഉപേക്ഷിക്കുവാനുള്ള ആലോചനയിലായിരുന്നു. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ഇടപെടൽ നൽകിയ ആത്മവിശ്വാസത്തിൽ കൊയ്ത്തിനു സന്നദ്ധരായി കർഷകസമിതികളുടെ നേതൃത്വത്തിൽ വേണ്ടഒരുക്കങ്ങൾ നടത്തിവരികെയാണ് അപ്രതീക്ഷിതമഴ വില്ലനായത്.
240 ഏക്കർ വരുന്ന വേഴത്താർ പാടശേഖരത്ത് എഴുപത്ഏക്കറിൽ മാത്രമാണ് കൊയ്ത്ത് നടന്നിട്ടുള്ളത്. 170 ഏക്കർ പാടത്തെ നെല്ല്കൊയ്യാൻ കഴിയാതെ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. കർഷകരിൽ ഭൂരിഭാഗവും കര്ഷകതൊഴിലാളികളാണ്. നാലുതോട്പാടത്ത് കൊയ്ത്തിനിറക്കിയ യന്ത്രത്തിന്റെ ചക്രങ്ങൾ ചെളിനിറഞ്ഞ വെള്ളത്തിൽ താണതോടെ കൊയ്യാൻ കഴിയാതെ കർഷകർ പ്രതിസന്ധിയിലായി. എട്ടോളം യന്ത്രങ്ങൾ കൊയ്ത്തിനായി ദിവസങ്ങൾ കാത്ത് കിടന്നതോടെ കടക്കെണിയിലായ കർഷകർ കൂടുതൽ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. തോരാത്തമഴയിൽ 250 ഏക്കർപാടത്തെ കൊയ്ത്ത് ഉപേക്ഷിക്കേണ്ടിവന്നാൽ കർഷകർ ആത്മഹത്യയുടെ വക്കിലേക്കാവും നീങ്ങുക. വെള്ളത്തിലിറങ്ങി തൊഴിലാളികളെക്കൊണ്ട് കൊയ്യാൻ കഴിയാത്ത അവസ്ഥയിലുമാണ്.
എങ്ങനേയും കൊയ്തെടുക്കണമെന്ന പ്രതീക്ഷയിൽ തന്നെയാണ് സമിതി മുന്നോട്ടുപോകുന്നത്. കർഷകരുടെ ആത്മവിശ്വാസം നഷ്ടപ്പെടാതെ അവരെ ചേർത്ത്പിടിച്ച് എല്ലാശ്രമങ്ങളും നടത്തി വരികയാണ്.
(ഹരിദാസ് കിംകോട്ടേജ്, നാലുതോട് നെല്ലുത്പാദക സമിതി പ്രസിഡന്റ്)
മുക്കം-വാലേൽ ബണ്ട് ഒരുമീറ്ററെങ്കിലും അടിയന്തരമായി ഉയർത്തിയെങ്കിൽ മാത്രമേ അടുത്തകൃഷിയെങ്കിലും വീണ്ടെടുക്കാൻ കഴിയൂ. അതോടൊപ്പം പമ്പയാറിന്റെയും അച്ഛൻകോവിലാറിന്റെയും ബന്ധപ്പെട്ട തൂമ്പുകളുംതോടുകളും ഷട്ടറുകൾസ്ഥാപിച്ച് സുരക്ഷിതമാക്കുകയും വേണം. അതിനുശേഷം അടുത്ത കൃഷിയെക്കുറിച്ച് ചിന്തിക്കാം.
(ബിജു ഇക്‌ബാൽ,വേഴത്താർ പാടശേഖര സമിതി സെക്രട്ടറി)
നെൽകൃഷിയെ ആശ്രയിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന കർഷകർ കൂടുതൽ കടക്കെണിയിലേക്കാണ് പോകുന്നത്. വേറെ തൊഴിലിനുള്ള സാഹചര്യം ഇല്ലാത്തവരാണ് അധികവും.
(ഭാനുക്കുട്ടൻ, വേഴത്താർ കർഷക തൊഴിലാളി)