ഹരിപ്പാട്: ആറാട്ടുപുഴയിൽ വീണ്ടും കടലേറ്റം. വലിയഴീക്കൽ, പെരുമ്പള്ളി, എം.ഇ.എസ്.ജങ്ഷൻ എന്നിവിടങ്ങളിലാണ് കൂടുതൽ തിരയേറ്റമുണ്ടായത്. ചൊവ്വാഴ്ചയിലെതിന് സമാനമായാണ് ഇന്നലെയും കടലേറ്റം ഉണ്ടായത്. കടൽ വെള്ളം തീരദേശ പാതയും കഴിഞ്ഞു കിഴക്കോട്ടൊഴുകി. ഇവിടങ്ങളിലെ താമസക്കാർ കടുത്ത ദുരിതത്തിലാണ്. വലിയഴീക്കലിൽ തീരദേശ പാതക്കു തൊട്ടടുത്തു വരെ കടൽ എത്തി. കഴിഞ്ഞ ആഴ്ചയിലേതുപോലെ തന്നെ ഇവിടെ പാതയിലേക്കും ജനവാസ മേഖലകളിലേക്കും വലിയതോതിൽ മണലും വെളളവും അടിച്ചു കയറിയിട്ടുണ്ട്. 200-മീറ്ററോളം ഭാഗം പാത മണ്ണിനടിയിലാണ്. പാലത്തിന്റെ അപ്പ്‌റോച്ചു റോഡിനോടു ചേർന്നു വലിയ തോതിൽ മണൽ കയറിയതിനാൽ നാട്ടുകാരും യാത്രക്കാരുമെല്ലാം ദുരിതത്തിലായി. ഒട്ടേറെ വാഹനങ്ങളുടെ ചക്രങ്ങൾ മണലിൽ പുതഞ്ഞു. നാട്ടുകാർ വളരെ ശ്രമകരമായാണ് വാഹനങ്ങൾ മണ്ണിൽ നിന്ന് കയറ്റിവിട്ടത്. വലിയഴിക്കൽ പാലത്തിന് വടക്ക് വശം ശക്തമായ കടൽകയറ്റം റോഡിൽ മണ്ണ് കയറി മൂടിയതിനാൽ വാഹനങ്ങൾക്ക് പോകുവാൻ പറ്റാത്തെ അവസ്ഥയാണ്. വൈകിട്ട് കേരള സർക്കാരിന്റെ മണ്ണ് പരിശോധന വിഭാഗം ഉദ്ധ്യോഗസ്ഥർ വന്ന ജീപ്പ് റോഡിൽ പുതഞ്ഞതിനാൽ കായംകുളത്ത് നിന്നും ഫയർഫോഴ്സ എത്തി വലിച്ച കയറ്റുകയായിരുന്നു.