ആലപ്പുഴ: നഗരത്തിൽ പ്രതിദിനം നൂറ് കണക്കിന് വിനോദസഞ്ചാരികൾ വന്നുപോകുന്ന പുന്നമട ഫിനിഷിംഗ് പോയിന്റിൽ ശുചിമുറി സൗകര്യമില്ലാതെ സഞ്ചാരികൾ വലയുന്നു. അത്യാവശ്യമെങ്കിൽ ഡി.ടി.പി.സി കെട്ടിടത്തിനുള്ളിലെ ബാത്ത് റൂം ഉപയോഗിക്കാൻ സ്ത്രീകൾക്ക് അനുമതി നൽകും. ഇവിടെ പുരുഷന്മാർക്ക് പ്രവേശനമില്ല. പലരും ശങ്ക ബോട്ട് ബുക്ക്ചെയ്ത് ചെക്ക് ഇൻ ചെയ്ത് കഴിഞ്ഞ് സാധിച്ചാൽ മതിയെന്ന നിലപാടിലാണ് ജീവനക്കാർ. മോട്ടോർ എരിഞ്ഞുപോയതിനെ തുടർന്ന് കഴിഞ്ഞ ആറ് മാസങ്ങളായി ടോയിലെറ്റ് ബ്ലോക്ക് അടച്ചിട്ടിരിക്കുകയാണ്. അറ്റകുറ്റപ്പണി നടത്തുകയോ, പുതിയത് വാങ്ങി സ്ഥാപിക്കുകയോ ചെയ്താൽ തീരാവുന്ന പ്രശ്നമാണ് ഇഴയുന്നത്. ഫിനിഷിംഗ് പോയിന്റിൽ നവീകരണത്തിന്റെ പേരിൽ തറയിൽ പാകിയിരുന്ന ടൈലുകൾ എടുത്ത് മാറ്റി, മണ്ണ് ഉൾപ്പടെ കോരിമാറ്റിവെച്ചിട്ട് മൂന്ന് മാസങ്ങൾ പിന്നിട്ടു. തറ നിരപ്പ് ഉയർത്തി, ടൈൽ പുനഃസ്ഥാപിക്കുകയാണ് പദ്ധതി. അതുവഴി വെള്ളക്കെട്ട് ഒഴിവാക്കാം. എന്നാൽ, പൊക്കം കൂട്ടേണ്ട പ്രദേശത്ത് പൂഴി അടിക്കുന്നതിന് പകരം, ആ ഭാഗത്തെ മണ്ണ് നീക്കി മാറ്റിയത് അഴിമതി നടത്താനാണെന്ന് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ ആരോപിക്കുന്നു. മഴക്കാലമായിട്ടും സഞ്ചാരികളുടെ വരവിന് കുറവില്ല. എല്ലാ ബോട്ടുകൾക്കും ബുക്കിംഗ് ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ചുറ്റുപാടും വെള്ളക്കെട്ടും, ഇളകിയ ടൈലുകളും, ടോയിലെറ്റ് സൗകര്യത്തിന്റെ അപര്യാപര്തതയും ആലപ്പുഴയ്ക്ക് ചീത്തപ്പേര് സമ്മാനിക്കുകയാണ്.

......

മദ്യപർക്ക് സുഖകേന്ദ്രം

ബാത്ത് റൂമിലെ മോട്ടോർ നശിപ്പിക്കുക, പൈപ്പുകൾ ഒടിക്കുക തുടങ്ങിയ വിനോദ പരിപാടികളാണ് പ്രദേശത്തെ മദ്യപർ കാഴ്ച്ചവെയ്ക്കുന്നത്. സ്ഥലത്ത് പൊലീസ് എയ്ഡ് പോസ്റ്റുണ്ടെങ്കിലും, സഞ്ചാരികളില്ലാത്ത സമയമായതിനാൽ, രാത്രി കാലത്ത് പ്രദേശത്ത് കാര്യമായ പരിശോധന നടത്തുന്നില്ലെന്ന് പരാതിയുണ്ട്. നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും രിഭാഗവും പ്രവർത്തരഹിതമാണെന്നും അധികൃതർ തന്നെ പറയുന്നു. വെകിട്ട് അഞ്ചിന് ശേഷം സഞ്ചാരികളുടെ തിരക്ക് കുറയുന്നതോടെയാണ് മദ്യപർ ഇവിടെ തമ്പടിക്കുന്നത്.

.......

തറയുടെ പൊക്കം കൂട്ടുന്നതിനാണെങ്കിൽ ഇവിടെ നിന്ന് മണ്ണ് മാറ്റുന്നത് എന്തിനാണ്. രാത്രിയിൽ മണ്ണ് കടത്താൻ ശ്രമമുണ്ടായിട്ടുണ്ട്. വികലാംഗരായ സഞ്ചാരികൾക്ക് .യാത്ര ചെയ്യാൻ സാധിക്കാത്ത വിധം വെള്ളക്കെട്ടും, ടൈലുകൾ ഇളകി കിടക്കുകയുമാണ്

ടൂറിസ്റ്റ് ഗൈഡുമാർ

ശുചിമുറിയുടെ പ്രവർത്തനം അടിയന്തരമായി പുനരാരംഭിക്കും. നവീകരണത്തിന്റെ ഭാഗമായാണ് തറയിലെ ടൈലുകൾ നീക്കം ചെയ്തത്. മഴ മാറുന്നതോടെ നിർമ്മാണം ആരംഭിക്കും. ഇരുന്നുപോയ കെട്ടിടം പൂർണമായുംഉയർത്തി നവീകരിക്കാനും പദ്ധതിയുണ്ട്.

ലിജോ എബ്രഹാം

ഡി.ടി.പി.സി സെക്രട്ടറി