ആലപ്പുഴ: ജനറൽ ആശുപത്രിയിലെ ജീവിതശൈലീ രോഗ നിർണയ ക്ലിനിക്കിലെ (എൻ.സി.ഡി) ഒ.പി പ്രവർത്തനം മഴവെള്ള ചോർച്ചയെ തുടർന്ന് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. കെട്ടിടത്തിന്റെ മേൽക്കൂരയായി പാകിയിരിക്കുന്ന ഷീറ്റ് പൊട്ടിയതാണ് ചോർച്ചയ്ക്ക് കാരണം. കഴിഞ്ഞദിവസത്തെ കനത്ത മഴയിൽ മുറിക്കുള്ളിൽ രോഗികളുടെയും ജീവനക്കാരുടെയും ദേഹത്തേക്ക് വെള്ളം വീഴുകയായിരുന്നു. ഇതേ തുടർന്നാണ് അധികൃതർ അടിയന്തര നടപടി സ്വീകരിച്ചത്. ദന്തൽ ഒ.പിയോട് ചേർന്നുള്ള കെട്ടിടത്തിലേക്കാണ് ജീവീത ശൈലി ക്ലീനിക്കിന്റെ പ്രവർത്തനം താത്കാലികമായി മാറ്റിയത്. നഗരസഭയ്ക്കാണ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്താനുള്ള അധികാരം. ആശുപത്രി അധികൃതർ നഗരസഭയെ വിവരം ധരിപ്പിച്ചിട്ടുണ്ട്. ഷീറ്റ് മാറ്റി സ്ഥാപിക്കുന്നതോടെ, പഴയ കെട്ടിടത്തിലേക്ക് പ്രവർത്തനം തിരികെയെത്തും. മഴയ്ക്ക് മുമ്പേ പോരായ്മകൾ കണ്ടെത്തി പരിഹാരം കാണാൻ ശ്രമിക്കാതിരുന്ന അധികൃതർക്കെതിരെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു.

.......

കെട്ടിടത്തിലെ പ്രവൃത്തികൾ ചെയ്യാനുള്ള അധികാരം നഗരസഭയ്ക്കാണ്. ഷീറ്റ് പൊട്ടി വെള്ളം ചോരുന്ന വിവരം അറിയിച്ചിട്ടുണ്ട്. ഒ.പിയിലെത്തുന്നവർക്ക് ഡോക്ടറെ കാണാനുള്ള താത്കാലിക സംവിധാനം തൊട്ടടുത്തുള്ള കെട്ടിടത്തിൽ തന്നെ ഒരുക്കിയിട്ടുണ്ട്.

ഡോ.വേണുഗോപാൽ, സൂപ്രണ്ട്, ജനറൽ ആശുപത്രി