
ഹരിപ്പാട്: ചെറുതന പഞ്ചായത്തിലെ പെരുമാങ്കര പാലത്തിന്റെ സമീപനപാത ആറ്റിലേക്ക് ഇടിഞ്ഞ സ്ഥലം രമേശ് ചെന്നിത്തല സന്ദർശിച്ചു. കിഴക്ക് നിന്നുള്ള വെള്ളത്തിന്റെ ശക്തമായ വരവ് കൂടുകയും മാലിന്യം പാലത്തിൽ അടിഞ്ഞു കൂടുകയും ചെയ്തതോടെയാണ് പാമ്പയാറിന്റെ തിട്ട ഇടിയാൻ കാരണമായതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പാലത്തിന്റെ വടക്കേ തീരം കഴിഞ്ഞ മഴക്കാലത്തു ഇടിഞ്ഞിരുന്നു. എം എൽ എ ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. ഇപ്പോൾ പാലത്തിന്റെ തെക്ക് ഭാഗവും ഇടിഞ്ഞിട്ടുണ്ട്. കളക്ടറോടും മേജർ ഇറിഗേഷൻ ഉദ്യോഗസ്ഥരുമായും വിഷയത്തിൽ അടിയന്തരമായി ഇടപെട്ടു വേണ്ട നടപടികൾ സ്വീകരിക്കുവാൻ നിർദേശിച്ചതായി രമേശ് ചെന്നിത്തല അറിയിച്ചു. ചെറുതന പഞ്ചായത്തിലെ മടയനാരി പാടശേഖരത്തിന്റെ നെൽസംഭരണം എടുക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുവാനും ജില്ലാ കളക്ടറോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ച് തകർന്ന റോഡ് നിർമ്മിക്കുവാനും ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായി രമേശ് ചെന്നിത്തല അറിയിച്ചു.