ആലപ്പുഴ : പോക്‌സോ കേസിൽ കുരുക്കി പൊലീസ് പീഡിപ്പിക്കുകയാണെന്ന പരാതി ശരിയല്ലെന്ന് മനുഷ്യാവകാശ കമ്മിഷൻ. മാവേലിക്കര സ്വദേശിനി തന്റെ ഭർത്താവിനെ കള്ളക്കേസിൽ കുരുക്കിയെന്നാരോപിച്ച് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ അംഗം വി.കെ.ബീനാകുമാരിയുടെ ഉത്തരവ്. ചെങ്ങന്നൂർ ഡി.വൈ.എസ്.പിയിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങി. 2019 ഡിസംബർ 5ന് അറുനൂറ്റിമംഗലം പാൽ സൊസൈറ്റിയിൽ പാൽ നൽകി വന്ന പന്ത്രണ്ടുകാരിക്ക് നേരെയാണ് പരാതിക്കാരിയുടെ ഭർത്താവ് ലൈംഗികാതിക്രമം നടത്തിയത്. ഇതിനെതിരെ മാവേലിക്കര പൊലീസ് ക്രൈം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാവേലിക്കര കോടതിയിൽ 2020 ആഗസ്റ്റ് 20 ന് കുറ്റപത്രവും സമർപ്പിച്ചു. പന്ത്രണ്ടുകാരിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച പ്രതിയെ രക്ഷിക്കാനാണ് വ്യാജമായി പരാതി നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ ഇടപെടാനാലവില്ലെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.