കായംകുളം:കായംകുളത്ത് മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും രോഗ പ്രതിരോധ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടത്തുന്നതിന് വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗം നടന്നു.

കായംകുളം നഗരസഭാ പ്രദേശത്തും മണ്ഡലത്തിലെ പഞ്ചായത്തുകളിലും
രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുവാൻ യോഗം തീരുമാനിച്ചു. എല്ലാ വെള്ളിയാഴ്ചകളിൽ, വിദ്യാലയങ്ങളിലും, ശനിയാഴ്ചകളിൽ ഓഫീസുകളിലും, ഞായറാഴ്ചകളിൽ വീടുകളിലും ഡ്രൈ ഡേയായി ആചരിക്കും. ഓടകളും കാനകളും വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കും. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും, പൊതുമരാമത്ത് വകുപ്പിനും, മേജർ, മൈനർ ഇറിഗേഷൻ വകുപ്പുകൾക്കും നിർദ്ദേശം നൽകി.എല്ലാ കുടിവെള്ള സ്രോതസുകളും ക്ലോറിനേറ്റ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും. എലിപ്പനിക്കെതിരെയുള്ള പ്രതിരോധ മരുന്നുകളും പ്രത്യേകം സജ്ജമാക്കിയിട്ടുള്ള കേന്ദ്രങ്ങൾ വഴി ഒ.ആ.എസ് വിതരണംചെയ്യും. വൈദ്യുതി ബന്ധം തടസപ്പെട്ടാൽ എത്രയും വേഗം വൈദ്യുതി പുന സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശം കെ.എസ്.ഇബി അധികൃതർക്ക് നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് കൺട്രോൾ റൂമുകൾ ആരംഭിക്കുവാനും തീരുമാനിച്ചു.

യു. പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.കായംകുളം നഗരസഭ ചെയർപേഴ്സൺ പി. ശശികല,മുതികുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ,കാർത്തികപ്പള്ളി ,മാവേലിക്കര തഹസീൽദാർമാർ,മെഡിക്കൽ ഓഫീസേഴ്സ്, വൈദ്യുതി ,വാട്ടർ അതോറിട്ടി ജലസേചനം ഫയർഫോഴ്സ്, നാഷണൽ ഹൈവെ അതോറിട്ടി,പൊതുമരാമത്ത് നിരത്ത് വിഭാഗം തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.