pennamma-

മാന്നാർ: കൊയ്ത്തൊന്ന് കഴിഞ്ഞോട്ടെ എല്ലാ കടങ്ങളും വീട്ടും ഞാൻ. പെണ്ണമ്മ നൽകിയവാക്ക് പെയ്തിറങ്ങിയമഴയിൽ മുങ്ങിയപ്പോൾ ആ കണ്ണുകളിലും ഒലിച്ചിറങ്ങി കണ്ണീർചാലുകൾ. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൽ ഒന്നാംവാർഡിൽ വള്ളാംകടവ് ബിജുവില്ലയിൽ പെണ്ണമ്മയെന്ന 66 കാരിയുടെ ജീവിതം കൃഷിയായിരുന്നു. നാല് മാസങ്ങൾക്കുമുമ്പാണ് ഭർത്താവ് തങ്കച്ചൻ മരണപ്പെട്ടത്. കാലിൽ നീരുമായി ജോലിചെയ്യാൻ കഴിയാത്ത അവസ്ഥയിൽ ഏകമകൻ ബിജുവും ഭാര്യ ആശയുമാണ് പെണ്ണമ്മയോടോപ്പം താമസം. ചെന്നിത്തല ഒന്നാംബ്ലോക്കിൽ വീടിനോട് ചേർന്നുള്ള ഒന്നരയേക്കർ നെൽക്കൃഷിയിലായിരുന്നു പെണ്ണമ്മയുടെ പ്രതീക്ഷകൾ. ഒന്നാംബ്ലോക്കിന്റെ ഒരുഭാഗത്ത്നിന്നും കൊയ്ത്ത് തുടങ്ങിയപ്പോൾ തന്നെ കാലാവസ്ഥവ്യതിയാനം തുടങ്ങിയെങ്കിലും പെണ്ണമ്മ പ്രതീക്ഷ കൈവെടിഞ്ഞില്ല. എന്നാൽ മൂന്ന് ദിവസമായി തകർത്ത് പെയ്യുന്ന മഴയിൽ നെൽച്ചെടികൾ വെള്ളത്തിൽ മുങ്ങി. കൊയ്ത്ത് യന്ത്രം ഇറക്കാൻ പറ്റാതെ വെള്ളത്തിൽമുങ്ങിയ നെൽച്ചെടികൾ നശിക്കാൻ തുടങ്ങിയതോടെ പെണ്ണമ്മ സ്വന്ത്വമായി കൊയ്തു. കൂലിക്ക് ഒരാളെയും കൂട്ടി. എന്നിട്ടും നാലിലൊന്ന് കൊയ്തെടുക്കാൻ കഴിഞ്ഞില്ല. കിട്ടിയ നെല്ലെങ്കിലും ഉണക്കിയെടുത്താൽ കഞ്ഞിക്കുള്ള വകയെങ്കിലും ആവുമെന്നാണ് പെണ്ണമ്മയുടെ ആശ്വാസം.