തുറവൂർ : ബി.ജെ.പി ഭരിക്കുന്ന കോടംതുരുത്ത് ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ കോൺഗ്രസ് അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. കെടുകാര്യസ്ഥതയും ,അഴിമതിയും, സ്വജനപക്ഷപാതവും മൂലം പഞ്ചായത്ത് വികസനത്തിൽ പിന്നോക്കമാണെന്നാരോപിച്ചാണ് ഇരുവർക്കുമെതിരെ അഞ്ച് അംഗങ്ങൾ ഒപ്പിട്ട നോട്ടീസ് ഇന്നലെ വൈകിട്ട് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയത്. ആകെ 15 വാർഡുകളാണ് ഗ്രാമപഞ്ചായത്തിൽ ഉള്ളത്. ബി.ജെ.പി ഏഴും , യു.ഡി.എഫിലെ കോൺഗ്രസ് അഞ്ചും , എൽ.ഡി.എഫിലെ സി.പി.എം രണ്ടും , സി പി ഐ ഒന്ന് എന്നിങ്ങനെയാണ് സീറ്റുനില . പഞ്ചായത്തിൽ കോൺഗ്രസിനും സി.പി.എമ്മിനും ഓരോ സ്ഥിരം സമിതി ചെയർമാൻമാരുണ്ട്. മൂന്ന് അംഗങ്ങൾ ഉള്ള എൽ.ഡി.എഫിന്റെ പിൻതുണ കോൺഗ്രസിന് ലഭിച്ചെങ്കിൽ മാത്രമേ അവിശ്വാസ പ്രമേയം പാസാകുകയുള്ളു.