1

കുട്ടനാട്: കുട്ടനാട്ടിൽ പൊലീസ് സേവനങ്ങൾക്ക് ജനങ്ങൾ വലയുന്നു. ആലപ്പുഴ ടൗൺ ഡി.വൈ.എസ്.പി ഓഫീസിന്റെ ഭാഗമായി പ്രവർത്തിച്ചുവന്ന കുട്ടനാട്ടിലെ എല്ലാ പൊലീസ് സ്റ്റേഷനുകളും അമ്പലപ്പുഴ ഡി.വൈ.എസ്.പി ഓഫീസിന്റെ നിയന്ത്രണത്തിൽ കീഴിലാക്കി മാറ്റിയതോടെയാണ് ദുരിതം. പൊലീസിൽ നിന്നു ലഭിക്കേണ്ട അടിയന്തിര സേവനങ്ങൾക്ക് പോലും കിലോമീറ്ററുകളോളം അകലെയുള്ള അമ്പലപ്പുഴ ഡി.വൈ.എസ്.പി ഓഫീസിനെയാണ് ആശ്രയിക്കുന്നത്. ഇതോടെ കുട്ടനാട്ടിലെ എല്ലാ പൊലീസ് സ്റ്റേഷനുകളേയും ഉൾക്കൊള്ളിച്ചുകൊണ്ട് രാമങ്കരി സ്റ്രേഷൻ കേന്ദ്രമാക്കി കുട്ടനാടിന് മാത്രമായി . പുതിയൊരു ഡി.വൈ.എസ്.പി സബ് ഡിവിഷൻ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ജില്ലയിലെ ക്രമസമാധാന പരിപാലനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഒന്നരവർഷം മുമ്പ് ജില്ലയിലെ ഡി.വൈ.എസ്.പി സബ് ഡിവിഷനുകൾ പുനക്രമികരിച്ചതിന്റെ ഭാഗമായാണ് രാമങ്കരി പുളിങ്കുന്ന്, നെടുമുടി, കൈനടി, എടത്വ തുടങ്ങി പ്രധാന പൊലീസ് സ്റ്റേഷനുകളെല്ലാം ഈ ഓഫീസിന്റെ കീഴിലായി മാറിയത്. വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട് പോലുള്ള പ്രദേശത്തിന് പ്രത്യേകമായൊരു ഡി.വൈ.എസ്.പി ഓഫീസ് അനുവദിക്കണമെന്ന ആവശ്യം കാലങ്ങളായി നിലനിൽക്കുമ്പോഴാണ് അത് കണക്കിലെടുക്കാതെ ഇത്തരമൊരു പരിഷ്കാരം കൊണ്ടുവന്നതെന്ന ആക്ഷേപമുണ്ട്. രാമങ്കരി കേന്ദ്രമാക്കി പുതിയൊരു ഡിവിഷൻ ആരംഭിച്ചാൽ കോട്ടയം ജില്ലയ്ക്ക് തൊട്ടടുത്തു കിടക്കുന്ന നീലമ്പേരൂർ പഞ്ചായത്തിലെ കുറിച്ചി കൈനടി, നാരകത്ര തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്കും അതുപോലെ പ്രയോജനം ഉണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്.

...........

''കുട്ടനാട് അമ്പലപ്പുഴ ഡി.വൈ.എസ്.പി ഓഫീസിന്റെ ഭാഗമായി മാറിയതോടെ കൈനടി നീലമ്പേരൂർ പ്രദേശങ്ങളിലുള്ളവർ കൈനടി പൊലീസിന് പരിഹാരം കാണാനാകാത്ത പ്രശ്നങ്ങളിൽ അമ്പലപ്പുഴയിൽ എത്തണമെന്നതാണ് സ്ഥിതി. ക്രമസമാധാനം പോലുള്ള വിഷയങ്ങളിൽ പെട്ടെന്ന് പരിഹാരം കാണണം.

(എം.വി.വിശ്വംഭരൻ, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)

''പുത്തൻ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ കുറ്റകൃത്യങ്ങൾ ഗ്രാമീണമേഖലകളിൽ പോലും ഏറിവരുന്ന സഹാചര്യത്തിൽ ഉന്നത പൊലീസ് ഓഫീസർമാരുടെ ശ്രദ്ധയും മറ്റും കുട്ടനാട് പോലെ പ്രദേശത്തെ ക്രമസമാധാന രംഗത്ത് വളരെ അത്യാവശ്യമാണ് . കേസുകൾ തീർപ്പാക്കുന്നതിന് മാത്രമല്ല കുറ്റകൃത്യങ്ങൾ കുറയ്ക്കുവാനും ഡി.വൈ,എസ്.പി ഓഫീസ് കൊണ്ട് സാധിക്കും.

(സന്തോഷ് ശാന്തി,കുട്ടനാട് യൂണിയൻ കൺവീനർ )