1

കുട്ടനാട്: നെല്ലെടുക്കുമ്പോഴുള്ള കിഴിവിനെച്ചൊല്ലി തർക്കം മൂർച്ഛിച്ചതിനെത്തുടർന്ന് ഹരിപ്പാട് കൃഷിഭവന് കീഴിലെ ഏറ്റവും വലി​യ പാടശേഖരങ്ങളിലൊന്നും 317 ഏക്കർ വിസ്തൃതി വരുന്നതുമായ വഴുതാനം വടക്ക് പടിഞ്ഞാറ് (താമരപൊള്ളാടി) പാടശേഖരത്തെ നെല്ല് സംഭരിക്കുന്നതിൽ നിന്ന് മില്ലുകൾ പിന്മാറി. പെട്രോളോ മണ്ണെണ്ണയോ ഒഴിച്ചു നെല്ല് കത്തിച്ചുകളയാൻ തയ്യാറായി കർഷകരും രംഗത്തെത്തി.

. കൊയ്ത്ത് കഴിഞ്ഞ് ദിവസങ്ങളായി പാടശേഖരത്തിന്റെ ചിറയിലും മറ്റും കൂട്ടിയിട്ടിരിക്കുന്ന നെല്ല് തുടർച്ചയായ മഴയിൽ നനഞ്ഞുകുതിർക്കുകയും വൻ നഷ്ടം സംഭവിക്കുന്നതിന് ഇടയാകുകയും ചെയ്തതോടെയാണ് കർഷകർ പ്രതികരണവുമായി എത്തിയത് . കഴിഞ്ഞ ഒന്നാം തീയതിയായിരുന്നു ഇവിടെ കൊയ്ത്ത് ആരംഭിച്ചത് . റോഡ് സൗകര്യം വേണ്ടത്ര ഇല്ലാത്തതിനാൽ ലോറിയേക്കാൾ വള്ളത്തിൽ നെല്ല് സംഭരിക്കുന്നതാണ് കൂടുതൽ സൗകര്യമെന്നിരിക്കെ കൊയ്ത്ത് പൂർത്തിയാകാറായിട്ടും ആവശ്യത്തിന് വള്ളം എത്തിക്കാനോ കഴിയാവുന്നത്ര നെല്ല്സംഭരിക്കാനോ മില്ലുകാർ ഇതുവരെ തയ്യാറായിട്ടില്ല. സംഭരണത്തിന്റെ ആദ്യദിനങ്ങളിൽ പതിരിന്റെ പേരിൽ മൂന്നുകിലോ കിഴിവും ഈർപ്പത്തിന് 17പോയിന്റിന് മുകളിലോട്ട് ഒരു കിലോ കിഴിവുമാണ് മില്ലുകാർ ആവശ്യപ്പട്ടിരുന്നത്. അത് നൽകാമെന്ന് കർഷകരും സമ്മതിച്ചിരുന്നു ഇങ്ങനെ നെല്ലെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ്. 25 കിലോ മുതൽ 40 കിലോ വരെ കിഴിവ് വേണമെന്ന ആവശ്യവുമായി മില്ലുകാർ രംഗത്തെത്തിയത്

. ഇതോടെ സംഭരണം താളം തെറ്റുകയും കർഷകരുടെ പ്രതിഷേധം വ്യാപകമാകുകയും ചെയ്തു .ചില കൃഷി ഓഫീസർമാരും പാഡി ഓഫീസർമാരും ചേർന്ന് മില്ലുകാരെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നതാണ് പ്രശ്നം ഇത്രമേൽ രൂക്ഷമാക്കിയതെന്ന് കർഷകർ ആരോപിക്കുന്നു . എത്ര മോശം നെല്ലാണങ്കിലും മുഴുവൻ നെല്ലുംസംഭരിക്കുമെന്ന് സർക്കാരും കൃഷിമന്ത്രിയും കർഷകർക്ക് ഉറപ്പു നൽകിയിരുന്നതാണ്.

നെല്ല് കൊയ്തിട്ടിട്ട് ഇപ്പോൾ 20 ദിവസം പിന്നിട്ടു. നൂറ് കണക്കിന് ഏക്കർ നിലത്തിലെ നെല്ലാണ് സംഭരിക്കാനാകാതെ കിടന്നു നശിക്കുന്നത്. ന്യായമായ കിഴിവ് ഇരു കൂട്ടരും അംഗീകരിച്ചിരുന്നതാണ് അത് പാലിക്കാൻ ബന്ധപ്പെട്ട മില്ലുടമകളും കൃഷി ഓഫീസർമാരും തയ്യാറാകണം. 25 കിലോമുതൽ 40 കിലോ വരെ കിഴിവ് അംഗീകരിക്കുന്ന പ്രശ്നമില്ല

സുരേഷ് കറുകയിൽ,കർഷകൻ, പായിപ്പാട്