a

മാവേലിക്കര: തട്ടാരമ്പലം-മാവേലിക്കര റോഡിന്റെ നിർമ്മാണത്തിന് ബലി കൊടുത്ത് പനച്ചമൂട്-കൊച്ചിക്കൽ റോഡ്. കായംകുളം-തിരുവല്ല സംസ്ഥാന പാതയിൽ തട്ടാരമ്പലം ജംഗ്ഷന് കിഴക്കുവശത്തെ കലുങ്കിന്റെ പുനർനിർമ്മാണത്തിനായി വാഹനങ്ങൾ തിരിച്ചുവിട്ട പനച്ചമൂട്-കൊച്ചിക്കൽ റോഡ് പൂർണമായി തകർന്ന നിലയിലാണ്. അത്യാവശ്യം കുഴപ്പമില്ലാതെ പോകാൻ കഴിയുന്ന പരുവത്തിൽ കിടന്ന കൊച്ചിക്കൽ റോഡാണ് തകർന്ന നിലയിൽ ആയിരിക്കുന്നത്. പ്രധാന റോഡുകളിൽ പണി നടക്കുമ്പോൾ എല്ലാ വാഹനങ്ങളും പനച്ചമൂട്-കൊച്ചിക്കൽ റോഡിലൂടെയാണ് കടത്തി വിട്ടത്. റോഡിന് താങ്ങാവുന്നതിലും ഇരട്ടി ഭാരമാണ് കഴിഞ്ഞ 40 ദിവസം റോഡിലൂടെ കടന്നുപോയത്. ഇത് മൂലം റോഡിന്റെ വശങ്ങൾ ഇടിഞ്ഞ് താണ് നടപ്പാതകളിൽ കുഴികൾ രൂപപ്പെട്ടു. രണ്ട് നാല് ചക്രവാഹനത്തിന് കഷ്ഠിച്ച് കടന്നുപോകാവുന്ന റോഡിലൂടെ പോയത് 16 വീലുകളുള്ള വലിയ ടോറസുകൾ വരെയാണ്.വ്യാഴാഴ്ച തട്ടാരമ്പലം-മാവേലിക്കര റോഡ് ഗതാഗതത്തിനായി തുറന്നു. ഇതോടെ പനച്ചമൂട്-കൊച്ചിക്കൽ റോഡിലെ തിരക്കും കുറഞ്ഞു. എന്നാൽ ഇപ്പോൾ ഈ റോഡിൽ ഗതാഗതം അസാധ്യമായിരിക്കുകയാണ്. കൂടാതെ അപകടവും പതിവാണ്. കുഴികളിൽ വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നതും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും നിത്യസംഭവമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ്‌ വലിയപള്ളി വികാരി ഫാ.ജേക്കബ് ജോൺ കല്ലടയുടെ വാഹനം അപകടത്തിൽ പെട്ടിരുന്നു. ഇവിടെ നാട്ടുകാർ പ്രതിഷേധത്തിലാണ്. ജില്ലാ പഞ്ചായത്ത് റോഡ് പി.ഡബ്ലു.ഡി ഏറ്റെടുത്ത് എത്രയും വേഗം ഗതാഗത യോഗ്യമാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

........

''തകർന്ന റോഡ് അറ്റകുറ്റപ്പണി നടത്തി താത്കാലിക പരഹാരം ഉണ്ടാക്കിയിട്ട് കാര്യമില്ല. നാട്ടുകാരുടെ പ്രതിഷേധം ഉണ്ടാവാതിരിക്കാൻ ഏതെങ്കിലും തരത്തിലുള്ള അറ്റകുറ്റപണി നടത്തി പോയാൽ വരുന്നത് മഴക്കാലമാണ്. അറ്റകുറ്റപ്പണി നടത്തിയാൽ മഴയിൽ തകരും. അതിനാൽ പി.ഡബ്ലു.ഡി റോഡ് ഏറ്റെടുത്ത് നവീന രീതിയിൽ പുനർനിർമ്മിക്കുകയാണ് വേണ്ടത്.

അഡ്വ.കെ.ആർ.മുരളീധരൻ (നഗരസഭ മുൻ ചെയർമാൻ)

''ഗതാഗതയോഗ്യമായ റോഡ് ആയിരുന്നു. പ്ലാനിംഗ് ഇല്ലാതെ ഗതാഗതം തിരിച്ച് വിട്ടതാണ് കുഴപ്പമായത്. ഹെവി വാഹനങ്ങൾ ഓടിച്ചത് കാരണം ഇപ്പോൾ സ്കൂട്ടർ പോലും ഓടിക്കാൻ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ് റോഡ്. പനച്ചമൂട് ജംഗ്ഷനെ തകർത്തുകളഞ്ഞു. റോഡ് എത്രയും വേഗം ഗതാഗത യോഗ്യമാക്കണം.

പ്രൊഫ.വർഗ്ഗീസ് ഉലുവത്ത്,നാട്ടുകാരൻ