
അരൂർ: ജില്ലയുടെ വടക്കേ അതിർത്തിയായ അരൂരിലെ കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന് പറയാൻ പരാധീനതകളുടെ കഥ മാത്രം. പ്രതിമാസം 20 കോടിയിലധികം രൂപ വരുമാനമുള്ളതും ഏറ്റവും പ്രാധാന്യമേറിയതുമായ ഈ വൈദ്യുതി ഓഫീസിന് നല്ലൊരു വാഹനം പോലുമില്ല. പതിറ്റാണ്ടുകളോളം പഴക്കമേറിയ ഒരു ജീപ്പ് മാത്രമാണ് ഇവിടെ ആകെ ഉള്ളത്. അതാവട്ടെ മഴ തുടങ്ങിയതോടെ കട്ടപ്പുറത്താണ്.
അരൂരിലെ ഓഫീസ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താൽ വീർപ്പുമുട്ടാൻ തുടങ്ങിയിട്ട് കാലമേറെയായി. സംസ്ഥാന പാതയ്ക്കരികിൽ അരൂർമുക്കത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ പഴക്കമേറിയ കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. നല്ല മഴ പെയ്താൽ ഓഫീസും പരിസരവും വെള്ളക്കെട്ടിലാവും. 25000 ഉപഭോക്താക്കളാണ് അരൂർ കെ.എസ്.ഇ.ബി ഇലക്ട്രി ക്കൽ സെക്ഷനിലുള്ളത്. അസിസ്റ്റന്റ് എൻജിനീയർ - ഒന്ന്, സബ് എൻജിനീയർ - 3, ഓവർസീയർ - 6, ലൈൻമാൻ - 13, മസ്ദൂർ - 6 എന്നിങ്ങനെയാണ് ജീവനക്കാരുടെ എണ്ണം. പ്രതിവർഷം കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന ചെമ്മീൻ , മത്സ്യ സംസ്ക്കരണ കമ്പനികൾ ഉൾപ്പെടെ നിരവധി വ്യവസായ സ്ഥാപനങ്ങൾ അരൂർ സെക്ഷന് കീഴിലുണ്ട്.
ജീവനക്കാർ കുറവ്
പരാതികൾക്കിടയില്ലാത്തവിധം സേവനം നൽകാൻ നിലവിലെ ഉപഭോക്താക്കളുടെ എണ്ണത്തിന് ആനുപാതികമായി ആവശ്യത്തിന് ജീവനക്കാരില്ല എന്നതാണ് പ്രധാന പ്രശ്നം. മഴക്കാലത്തിന് മുന്നോടിയായി, വൈദ്യുതി ലൈനുകളുടെ മുകളിലേയ്ക്ക് ചാഞ്ഞു കിടക്കുന്ന മരങ്ങളും സസ്യലതാദികളും നീക്കം ചെയ്യാനുള്ള ജോലികളും ജീവനക്കാരുടെ അഭാവത്താൽ പൂർണ്ണമായിട്ടില്ല.