ഹരിപ്പാട്: പൊലീസിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് എസ്. എൻ. ഡി. പി യോഗം കാർത്തികപള്ളി യൂണിയന്റെ ആഭിമുഖ്യത്തിൽ തൃക്കുന്നപുഴ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തുമെന്ന് യൂണിയൻ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാനൂർ 1168 -ാം നമ്പർ ശാഖാ ഭരണസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസിന്റെ സംരക്ഷണം ലഭിക്കാതിരുന്നതിനെ തുടർന്ന് ആക്രമണ സംഭവം ഉണ്ടായതിൽ പ്രതിഷേധിച്ചാണ് 30ന് രാവിലെ 10ന് മാർച്ചും ധർണയും നടത്തുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും വേണ്ട സഹായം ചെയ്യണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് യൂണിയനിൽ നിന്നും തൃക്കുന്നപുഴ പൊലീസ് സ്റ്റേഷനിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ അപേക്ഷ ലഭിച്ചിട്ടും സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് പൊലീസിന്റെ സേവനം വിട്ടു നൽകുവാൻ തൃക്കുന്നപുഴ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ തയ്യാറായില്ല. അക്രമ സംഭവം ഉണ്ടായപ്പോൾ തന്നെ സർക്കിൾ ഇൻസ്‌പെക്ടറെ അറിയിച്ചു എങ്കിലും പൊലീസ് സ്ഥലത്ത് എത്താതെ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. അക്രമികൾക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുകയും എസ്.എൻ.ഡി.പി യോഗത്തെ ആക്ഷേപിക്കുകയും ചെയ്ത തൃക്കുന്നപ്പുഴ പൊലീസ് സർക്കിൾ ഇൻസ്പെക്ടറുടെ നടപടിയിൽ കാർത്തികപ്പള്ളി എസ്.എൻ.ഡി.പി.യൂണിയൻ കൗൺസിൽ ശക്തമായി പ്രതിഷേധിച്ചു. വാർത്തസമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ്‌ കെ. അശോകപണിക്കർ, സെക്രട്ടറി അഡ്വ. ആർ. രാജേഷ് ചന്ദ്രൻ, വൈസ് പ്രസിഡന്റ്‌ എം. സോമൻ, ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ പ്രൊഫ.സി. എം ലോഹിതൻ, ഡോ. ബി. സുരേഷ് കുമാർ, യൂണിയൻ കൗൺസിലർ ഡി. ഷിബു എന്നിവർ പങ്കെടുത്തു.