
ഹരിപ്പാട്: മഴക്കെടുതിയിൽ കൃഷി ഉപേക്ഷിച്ച് ഏബ്രഹാം. ചെറുതന രണ്ടാം വാർഡിൽ തൈപ്പറമ്പിൽ ടി.വി ഏബ്രഹാം പ്രതീക്ഷയോടെ ഇറക്കിയഅഞ്ചേക്കറിലെ നെൽകൃഷിയാണ് ഉപേക്ഷിച്ചത്. ചെറുതന കൃഷി ഭവൻ പരിധിയിലെ 60 ഏക്കർ വ്യാപ്തിയുള്ള മടയനാരി പാടശേഖരത്തിലെ കൃഷിയാണ് 150 ദിവസം പിന്നിടുമ്പോഴും കൊയ്ത്തു നടത്താൻ കഴിയാതെ ഉപേക്ഷിക്കേണ്ടി വന്നത്. ഏക്കറിൽ 30 ക്വിന്റൽ നെല്ല് പ്രതീക്ഷിച്ചിരുന്നിടത്താണ് കൃഷി ഉപേക്ഷിക്കേണ്ടി വന്നത്. സമയ ബന്ധിതമായി കൊയ്ത്തുമെതി യന്ത്രം ലഭ്യമാകാതിരുന്നതും യന്ത്രം ലഭിച്ച് സമീപത്തെ വിള കൊയ്തെടുത്തു വന്നപ്പോഴേക്കും ശക്തമായ മഴയിലും കിഴക്കൻ വെള്ളം ഒഴുകിയെത്തിയതോടെ ഉറവ ജലം പാടത്ത് നിറഞ്ഞതുമാണ് യന്ത്രം ഇറക്കാൻ കഴിയാതെ കൃഷി ഉപേക്ഷിക്കേണ്ട നിലയിൽ എത്തിച്ചേർന്നത്. ആഴ്ചകൾക്ക് മുമ്പ് തന്നെ നെൽചെടികൾ നിലം പതിച്ചിരുന്നു. മാത്രമല്ല വിളവെടുപ്പ് സമയം കഴിഞ്ഞതോടെ നെല്ല് കിളിർത്ത് ഞാർ പരുവത്തിലായി. പാടശേഖരത്തിലെ ബാക്കിയുള്ളവർ കൊയ്തെടുക്കുകയും ചെയ്തതോടെ അപ്രതീക്ഷിത കൃഷിക്കെടുതി കനത്ത ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നതെന്നും ഏക്കറിന് 35000 രൂപ വരെ ചെലവഴിച്ചിരുന്നതായും ടി.വി ഏബ്രഹാം പറഞ്ഞു . ഇതിനിടെ കൊയ്ത്ത് യന്ത്രം കിട്ടാനില്ലാത്തതും കർഷകന് തിരിച്ചടിയായി. കൊയ്ത്ത് യന്ത്രത്തിന്റെ കൃത്രമ ക്ഷാമത്തിനെതിരെ നടപടി വേണമെന്നാണ് കർഷകന്റെ ആവശ്യം.