
ഹരിപ്പാട്: കലിതുള്ളിയ മഴക്കെടുതിയിൽ ആശങ്കയിൽ വലിയഴീക്കൽ തീരം. കാലാവർഷത്തിന് മുമ്പ് ഉണ്ടായ കടലേറ്റത്തിൽ തീരദേശപാതക്കു തൊട്ടരികിൽ വരെ കടൽ കയറി. വലിയഴീക്കൽ പാലത്തിന്റെ തുടക്കം ഭാഗത്തിനു സമീപത്തെ 300 മീറ്ററോളമാണ് പ്രശ്നബാധിത മേഖല. ഇവിടെ ലൈറ്റ് ഹൗസിന്റെ സംരക്ഷണത്തിനായി ബീച്ചിനോടു ചേർന്നു കുറച്ചുഭാഗത്തു അടുത്തിടെ നിർമ്മിച്ച കടൽ ഭിത്തി മാത്രമാണുളളത്. ബാക്കിയുളള ഭാഗത്തു 45 വർഷം മുമ്പ് നിർമ്മിച്ച ഭിത്തി നിലവിൽ മണ്ണിനടിയിലാണ്. പലപ്പോഴും വലിയഴീക്കലിൽ ശക്തമായ കടലേറ്റം ഉണ്ടായിട്ടുണ്ടെങ്കിലും കാലവർഷത്തിന് മുമ്പ് ഇത്രയും ഭയാനകമായ രീതി ഉണ്ടായിട്ടില്ലെന്നു നാട്ടുകാർ പറയുന്നു. ആറാട്ടുപുഴയിൽ കടലേറ്റം രൂക്ഷമായ ചിലയിടങ്ങളിൽ ടെട്രാ പോഡ് ഉപയോഗിച്ചുള്ള പുലിമുട്ടുകൾ നിർമ്മാണം നടന്നുവരുന്നുണ്ട്. ഇക്കാരണത്താൽ കടലേറ്റത്തിന്റെ ഗതിമാറിയിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. വലിയഴീക്കലിൽ കടലിലേക്കു തളളിനിൽക്കുന്ന പുലിമുട്ടുളളതിനാൽ ഇതിന്റെ വടക്കേ തീരത്തു ശക്തമായ തിര കരയിലേക്കു കയറാനുളള സാധ്യത കൂടുതലാണ്. പാലവും ലൈറ്റ് ഹൗസും യാഥാർഥ്യമായതോടെ വലിയഴീക്കലിൽ വലിയ ജനതിരക്കാണ് ഉള്ളത്. ഇവിടേക്ക് എത്തുന്നവരെയും കടലേറ്റം രൂക്ഷമായി ബാധിക്കും. വാഹനങ്ങളുടെ ചക്രങ്ങൾ മണലിൽ താഴ്ന്നുപോകുന്നതും പതിവാണ്.നാട്ടുകാർ ഉൾപ്പടെ സഹായിച്ചാണ് വാഹനങ്ങൾ മണ്ണിൽ നിന്നും തള്ളി കയറ്റുന്നത്. കഴിഞ്ഞ ദിവസം മണ്ണു പരിശോധന വിഭാഗത്തിന്റ വാഹനം മണലിൽ പുതഞ്ഞു. കായംകുളത്ത് നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് വലിച്ചു കയറ്റിയത്. അതിനാൽ അടിയന്തരമായി ജിയോബാഗ് പോലുളള താത്ക്കാലിക കടലേറ്റ പ്രതിരോധ മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തി തീരം സംരക്ഷിക്കമെന്നാണ് നാട്ടുകാരുടെ അവശ്യം.
........
''കടലേറ്റത്തിൽ റോഡിൽ അടിഞ്ഞ മണൽ അടിയന്തിരമായി നീക്കം ചെയ്യണം. വാഹനയാത്ര സുഗമമായില്ലെങ്കിൽ ലൈറ്റ് ഹൗസ്, വലിയഴീക്കൽ പാലം എന്നിവിടങ്ങളിൽ എത്തുന്ന സന്ദർശകരെ ബാധിക്കും.
ജയൻ (യാത്രക്കാരൻ)
''വലിയഴീക്കൽ കടൽ ക്ഷോഭത്തെ ചെറുക്കാൻ കഴിയാതിരിക്കുന്നത് പഞ്ചായത്ത് ഭരണസമിതിയുടേയും സർക്കാരിന്റേയും കഴിവ്കേടിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഈ ഭാഗത്ത് അടിയന്തിരമായി കടൽ ഭിത്തിയോട് കൂടിയ പുലിമുട്ടുകൾ ചെയ്ത് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണം.
എം.ദീപക്ക്,പൊതുപ്രവർത്തകൻ
''കടൽ ക്ഷോഭത്തിൽ നിന്നും പ്രദേശവാസികളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ അധികൃതർ നടപടി സ്വീകരിക്കണം. കാലവർഷം ശക്തമാകുന്നതിനു മുമ്പ് തന്നെ കടൽ കരയെ വിഴുങ്ങാതിരിക്കാനുള്ള ശ്വാശ്വത പരിഹാരം കാണണം.
ബഷീർ (പ്രദേശവാസി)