
അമ്പലപ്പുഴ: മഴക്കെടുതിയിലും പൊള്ളുന്ന വെയിലിലും നടുറോഡിൽ നിന്ന് ബസ് കയറേണ്ട ഗതികേടിലാണ് അമ്പലപ്പുഴയിലെ ജനങ്ങൾ. കോടികൾ ചെലവഴിച്ച് സംസ്ഥാന പാത പുനർ നിർമ്മിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും യാത്രക്കാർക്ക് കയറി നിൽക്കാൻ ഇടമില്ലാതെ വലയുകയാണ്.തിരുവല്ല ഭാഗത്തേക്ക് ബസിൽ പോകാൻ അമ്പലപ്പുഴ കച്ചേരി മുക്കിലെത്തുന്ന യാത്രക്കാരാണ് ദുരിതമനുഭവിക്കുന്നത്. 70 കോടിയിലധികം രൂപ ചെലവഴിച്ചാണ് അമ്പലപ്പുഴ- തിരുവല്ല റോഡ് പുനർ നിർമ്മിച്ചത്.നിർമ്മാണ കാലയളവിൽത്തന്നെ യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെട്ടതാണ് അമ്പലപ്പുഴ ജംഗ്ഷനിൽ തിരുവല്ല ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്കായി ഒരു വെയിറ്റിംഗ് ഷെഡ് വേണമെന്നത് .എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും വെയ്റ്റിംഗ് ഷെഡ് വെള്ളക്കടലാസിൽ ഒതുങ്ങി. കടകളുടെ മുന്നിലാണ് പെരുമഴയിൽ യാത്രക്കാർ നിൽക്കുന്നത്. സ്കൂൾ തുറക്കുന്നതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ എണ്ണം വർദ്ധിക്കും. ഒപ്പം കാലവർഷം കൂടി ശക്തമാകുന്നതോടെ യാത്രക്കാരുടെ ദുരിതം വർധിക്കും. ആലപ്പുഴ ചങ്ങനാശേരി റോഡ് അടച്ചതോടെ അമ്പലപ്പുഴ വഴിയാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തുന്നത്. എന്നാൽ യാത്രക്കാരുടെ ദുരിതം കാണാൻ കെ.എസ്.ആർ.ടി.സിയോ, പൊതുമരാമത്ത് വകുപ്പോ പഞ്ചായത്ത് അധികൃതർ തയ്യാറായിട്ടില്ല. യാത്രക്കാരുടെ ദുരിതത്തിന് അടിയന്തരമായി പരിഹാരം കാണാൻ അമ്പലപ്പുഴ കച്ചേരി ജംഗ്ഷനിൽ വെയിറ്റിംഗ് ഷെഡ് നിർമിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് യാത്രക്കാരുടേയും നാട്ടുകാരുടേയും ആവശ്യം.
.....................
'' തിരുവല്ല ,എടത്വ, ചക്കുളം, തകഴി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട യാത്രക്കാർ വെയിലും മഴയുമേറ്റ് കടകളുടെ മുന്നിലെ ഫുട് പാത്തിൽ നിൽക്കേണ്ട ഗതികേടിലാണ്.സ്കൂൾ തുറക്കുന്നതോടെ ഈ ഭാഗങ്ങളിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും കഷ്ടത അനുഭവിക്കേണ്ടി വരുന്നു. സന്ധ്യ മയങ്ങിയാൽ യാതൊരു സുരക്ഷയുമില്ലാതെയാണ് സ്ത്രീകൾ ഇവിടെ ബസിനായി കാത്തു നിൽക്കുന്നത്. യാത്രക്കാരുടെ ബുദ്ധിമുട്ട് മനസിലാക്കി അധികൃതർ കാത്തിരുപ്പു കേന്ദ്രം ഇവിടെ നിർമ്മിക്കണം.
മോഹനൻ ,പൊതു പ്രവർത്തകൻ- കരുമാടി