s

ആലപ്പുഴ : ഉപയോഗശൂന്യമായ ഫർണിച്ചറുകൾ,മേശ,കസേര, അലമാര, ടിൻ ഷീറ്റ്, ഇരുമ്പ്, പി.വി.സി പൈപ്പുകൾ, കമ്പ്യൂട്ടർ ടേബിൾ ഇവയെല്ലാം കൂടിക്കിടക്കുന്നത് കണ്ട് ആക്രിക്കട‌യാണെന്ന് ധരിക്കേണ്ട. ജില്ലാ കളക്ടറേറ്റിന്റെ മേൽക്കൂരയിലാണ് ഇവയ്ക്കെല്ലാം വിശ്രമം. ആർ.ടി.ഒ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലാണ് വിവിധ വകുപ്പുകളിൽ നിന്നുള്ള പാഴ് വസ്തുക്കൾ കൂട്ടിയിട്ടിരിക്കുന്നത്.

കളക്ടറേറ്റ് വളപ്പിൽ ഇവിടെ മാത്രമല്ല ഉപയോഗ്യമല്ലാത്തവയുടെ ശേഖരം. കളക്ടറേറ്റ് വളപ്പിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് എത്തിയാൽ കാടുമൂടി നശിക്കുന്ന വാഹനങ്ങൾ കാണാം. അംബാസിഡർ കാറും ജീപ്പും ഉൾപ്പെടെ അഞ്ച് വാഹനങ്ങൾ നാശത്തിന്റെ വക്കിലാണ്. സാമൂഹ്യ നീതി, ധനകാര്യം എന്നീ വകുപ്പുകളുടേത് ഉൾപ്പെടെയുള്ള വാഹനങ്ങളാണ് ഇവിടെ കിടക്കുന്നത്. നിയമാനുസരണം കൃത്യസമയത്ത് ഇവ ലേലം ചെയ്താൽ ലക്ഷകണക്കിന് രൂപ സർക്കാർ ഖജനാവിലേക്ക് ലഭിക്കേണ്ടതാണ്.

പി.ആർ.ഡി ഓഫീസ് കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി മുറിച്ചിട്ട ആൽമരത്തിന്റെ ചില്ലകളും നീക്കം ചെയ്തിട്ടില്ലെന്നും പരാതിയുണ്ട്. കളക്ടറേറ്റ് കെട്ടിടത്തിന് മുകൾഭാഗത്ത് വിവിധ വകുപ്പുകളുടെതായി കിടക്കുന്ന പാഴ് വസ്തുക്കൾ ലേലം ചെയ്യാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടും വേണ്ടത്ര ജാഗ്രതയോടെ വകുപ്പ് മേലധികാരികൾ പ്രവർത്തിക്കുന്നില്ലെന്നാണ് ആക്ഷേപം.