ആലപ്പുഴ: ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിലെ കാലപഴക്കം ചെന്ന കെട്ടിടവും ചുറ്റുമുള്ള യാഡും യാത്രക്കാർക്ക് ദുരിതവും അപകട ഭീഷണിയുമാകുകയാണ്.
കനത്ത മഴയെത്തുടർന്ന് തകർന്ന യാഡിൽ വെള്ളം കെട്ടികിടക്കുകയാണ്. ബസ് സ്റ്റേഷനിലെ യാഡുകളും മഴവെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ഇവിടെ നിറയെ കുഴികളായതിനാൽ യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടിലാണ്. എട്ടുപതിറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ അടർന്ന് വീഴുന്ന സ്ഥിതിയിലാണ്. ബസ് കാത്തു നിൽക്കുന്ന യാത്രക്കാർ ഭയപ്പാടോടെയാണ് ഇവിടെ നിൽക്കുന്നത്. കഴിഞ്ഞ ദിവസം മേൽക്കൂരയിലെ കോൺക്രീറ്റ് പാളി അടർന്നു വീണു. മറ്റ് ഡിപ്പോകളിൽ നിന്ന് എത്തുന്ന ബസുകൾ സ്റ്റേഷൻ കെട്ടിടം ചുറ്റി സ്റ്റാന്റിന്റെ വടക്ക് ഭാഗത്ത് എത്തുമ്പോൾ കുഴികളിൽ കെട്ടികിടക്കുന്ന മലിനജലം വസ്ത്രങ്ങളിൽ വീഴുന്നത് പതിവ് സംഭവമായി മാറി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത തോരാ മഴയിൽ ബസ് സ്റ്റേഷന്റെ വടക്കുഭാഗം വെള്ളക്കെട്ടിൽ നിറഞ്ഞ അവസ്ഥയിലാണ്. ഈ ഭാഗത്ത് നിൽക്കുന്ന യാത്രക്കാർക്കാണ് ഏറെ ദുരിതം.
നവീകരണത്തിന് വിലങ്ങുതടിയായി
മൊബിലിറ്റി ഹബ് നിർമ്മാണം
മൊബിലിറ്റി ഹബിന്റെ പ്രവർത്തനം നടക്കുന്നതിനാൽ കെട്ടിടത്തിന്റെ അറ്റകുറ്റ പണിനടത്താൻ കഴിയാത്ത അവസ്ഥയിലാണ് അധികാരികൾ.
പുതിയ ഫണ്ട് അനുവദിക്കാൻ കഴിയാത്തതാണ് പ്രശ്നം.
കെട്ടിടത്തിന്റെ മേൽക്കൂരയിലെ കോൺക്രീറ്റ് പാളി അടർന്നു വീണ് കമ്പികൾ പുറത്ത് കാണാൻ കഴിയുന്ന അവസ്ഥയിലാണ്. താത്കാലികമായി അപകടം ഇല്ലാതാക്കാനുള്ള അറ്റകുറ്റപണി നടത്താൻ അധികാരികൾ തയ്യാറുമല്ല. ഹബിന്റെ നിർമ്മാണത്തിനു മുന്നോടിയായി ഗാരേജും ഓഫീസും വൈകാതെ കലവൂരിൽ പ്രവർത്തനം ആരംഭിക്കും. ഓപ്പറേറ്റിംഗ് സ്റ്റേഷൻ മാത്രമായി ആലപ്പുഴ മാറും.
# തുറക്കാത്ത പൊലീസ് എയ്ഡ് പോസ്റ്റ്
കൊവിഡിനെ തുടർന്ന് അടച്ച പൊലീസ് എയ്ഡ് പോസ്റ്റ് 24മണിക്കൂറും കൃത്യമായി തുറക്കാത്തതിനാൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ ക്രിമനലുകളുടെയും അക്രമികളുടെയും താവളമാകുന്നു. രാവും പകലും പോക്കറ്റടിക്കാരും സാമൂഹ്യ വിരുദ്ധരും അഴിഞ്ഞാടുന്നു. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷന്റെ നിയന്ത്രണത്തിലാണ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്നത്. ബസ് സ്റ്റേഷന്റെ തുടക്കം മുതൽ പ്രധാനപ്പെട്ട ഭാഗത്ത് സുരക്ഷിതമായ മുറിയാണ് കെ.എസ്.ആർ.ടി.സി എയ്ഡ് പോസ്റ്റിനായി നൽകിയത്. കൊവിഡിനെ തുടർന്ന് പ്രവർത്തനം താത്കാലികമായി നിർത്തിയത്. ലോക്ക്ഡൗണിന് ശേഷം കെ.എസ്.ആർ.ടി.സി ഭാഗികമായി സർവീസ് ആരംഭിച്ചപ്പോൾ എയ്ഡ് പോസ്റ്റ് തുറക്കുന്നതിൽ അധികാരികൾ നടപടി സ്വീകരിച്ചില്ല. ഇതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിക്കും സൗത്ത് സ്റ്റേഷനിലും രേഖാമൂലം കെ.എസ്.ആർ.ടി.സി അധികാരികൾ കത്ത് നൽകി. മാസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം ആരംഭിച്ചതുമില്ല. ഇപ്പോൾ പകൽ സമയങ്ങളിൽ വല്ലപ്പോഴുമാണ് എയ്ഡ് പോസ്റ്റ് തുറക്കുന്നത്. രാത്രികാലത്ത് പൂർണമായും അടഞ്ഞു തന്നെ .
" കാലപഴക്കം ചെന്ന കെട്ടിടവും ചുറ്റുമുള്ള യാഡിന്റെയും അറ്റകുറ്റപണി അടിയന്തരമായി നടത്തി യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കണം. സ്റ്റേഷനിൽ രാവും പകലും സാമൂഹ്യ വിരുദ്ധരുടെയും ക്രിമനലുകളുടെയും അക്രമികളുടെയും താവളമാകുന്നു. പൊലീസ് എയ്ഡ് പോസ്റ്റ് അടിയന്തരമായി 24മണിക്കൂറും പ്രവർത്തന സജ്ജമാക്കണം.
പ്രദീപ്, പതിവ് യാത്രക്കാരൻ, ആലപ്പുഴ