ambala

അമ്പലപ്പുഴ: കുടിവെള്ള പൈപ്പ് പൊട്ടി ഒരുമാസം പിന്നിട്ടിട്ടും ചോർച്ച പരിഹരിക്കാതെ അധികൃതർ . എടത്വ ജല അതോറിട്ടി ഓഫീസിന് കീഴിൽ കേളമംഗലം പാലത്തിന് സമീപം സ്ഥാപിച്ച ഭൂഗർഭ പമ്പിംഗ് വിതരണ കേന്ദ്രത്തിന് മുന്നിലാണ് പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത്. ആലപ്പുഴ നഗരസഭ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനിടെയാണ് പമ്പ് ഹൗസിലെ വിതരണ പൈപ്പ് പൊട്ടിയത്.

കുടിവെള്ള പദ്ധതി പൈപ്പ് ലൈന്റെ നിർമ്മാണം പൂർത്തിയാക്കി ആഴ്ചകൾ പിന്നിട്ടെങ്കിലും പമ്പ് ഹൗസിലെ വിതരണ ലൈനിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ അധിക്യതർ തയ്യാറായില്ല. ദിവസേന ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് തോട്ടിലേക്ക് ഒഴുകി പോകുന്നത്. തകഴി പഞ്ചായത്തിലെ 7, 8, 9 വാർഡുകളിൽ കേളമംഗലം പമ്പ് ഹൗസിൽ നിന്നാണ് ശുദ്ധജലം വിതരണം ചെയ്യുന്നത്. പ്രധാന ലൈൻ പൊട്ടിയതിനാൽ പമ്പിംഗിന്റെ ശക്തിയി കുറച്ചു വച്ചിരിക്കുന്നതിനാൽ ഉൾപ്രദേശങ്ങളിൽ വെള്ളം എത്താറില്ല. പുഞ്ച കൊയ്ത്ത് കഴിഞ്ഞ് പാടങ്ങളിൽ വെള്ളം കയറ്റിയതോടെ പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. തിരക്കേറിയ എടത്വ - തകഴി സംസ്ഥാന പാതയിൽ പൈപ്പ് പൊട്ടിക്കിടക്കുന്ന സ്ഥലത്തുകൂടി ഭാരം കയറ്റിവരുന്ന വാഹനങ്ങൾ താഴുന്നതും പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപ് കെ.എസ്.ആർ.ടി.സി ബസ് താഴ്ന്നതിനെ തുടർന്ന് ഗതാഗതം ഒരു മണിക്കൂറോളം സ്തംഭിച്ചിരുന്നു.