
മാന്നാർ: കായംകുളം-തിരുവല്ല സംസ്ഥാന പാതയെയും ഹരിപ്പാട്-എടത്വ റോഡിനെയും ബന്ധിപ്പിക്കുന്ന അപ്പർ കുട്ടൻമേഖലയിലെ പ്രധാന പാതയായ മാന്നാർ-വീയപുരം റോഡിൽ അപകടക്കെണിയായി കലുങ്ക് ഇടിഞ്ഞ് താഴുന്നു. മാന്നാർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ പാവുക്കര മോസ്കോമുക്കിനും ഇടയാടി ജംഗ്‌ഷനും മദ്ധ്യേയുള്ള കാച്ചനാടത്ത് കലുങ്കിന്റെ സംരക്ഷണ മതിലിനോട് ചേർന്നുള്ള ഭാഗമാണ് ഇടിഞ്ഞ് താണത്. പുല്ലുകളും ചപ്പുചവറുകളും മൂടിക്കിടക്കുന്നതിനാൽ ഈഅപകടക്കെണി യാത്രക്കാരുടെ ശ്രദ്ധയില്പെടുകയില്ല. റോഡിനും കലുങ്കിന്റെ സംരക്ഷണമതിലിനും ഇടയിലായി ഒന്നരയടിയോളം വീതിയിൽ നീളത്തിലുള്ള കുഴി രൂപപ്പെട്ടിരിക്കുകയാണ്. വളവുകളിൽ വാഹനങ്ങൾ വശംകൊടുക്കുമ്പോൾ റോഡിന്റെ അരികിനോട് ചേർന്ന്നിൽക്കുന്ന അപകടക്കെണിയിൽ താഴ്ന്ന് അപകടങ്ങൾ സംഭവിക്കുമെന്നാണ് നാട്ടുകാരുടെ ഭീതി. വാഹനങ്ങളുടെ ശ്രദ്ധയിൽപെടുന്നതിനായി നാട്ടുകാർ ചുവപ്പ്തുണി കുത്തിയിയാണ് താത്കാലിക പരിഹാരം കാണുന്നത്. പ്രളയത്തിൽ തകർന്ന മാന്നാർ-വീയപുരം റോഡ് പൊതുമരാമത്ത് വകുപ്പ് കിഫ്ബിയിൽ ഉൾപ്പെടുത്തി 16.16 കോടിരൂപ ചെലവിൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിച്ചതാണ്. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ അപകടക്കെണിക്ക് എത്രയുംവേഗം പരിഹാരം ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.