
മാന്നാർ: ഇറ്റലിയിലെ ലീഡിംഗ് ഫുടബോൾക്ലബ്ബിലേക്ക് പരിശീലനത്തിനായി പോകാൻ വിമാനടിക്കറ്റിനു ബുദ്ധിമുട്ട് നേരിട്ട ഫുടബാൾ താരം പി.ആർ ആദർശിന് മാന്നാറിലെ പ്രമുഖ സ്വാശ്രയസംഘമായ സൗഭാഗ്യ സഹായവുമായെത്തി. ആറുമാസങ്ങൾക്കുമുമ്പ് സ്‌പെയിനിലെ മൂന്നാംഡിവിഷൻ ലീഗ് ഫുട്‍ബോൾ ക്ലബ്ബായ ഡിപ്പോർട്ടീവോ ലാവിർജെൻ ഡെൽ കാമിനോവിൽ പരിശീലനത്തിനായി സ്പെയിനിലേക്കുള്ള യാത്രക്ക് സാമ്പത്തികം തടസമായപ്പോൾ ആദർശ് മന്ത്രി സജിചെറിയാനെ കാണുകയും മന്ത്രിയുടെ ഇടപെടലിൽ സഹായങ്ങൾ ലഭിക്കുകയുമായിരുന്നു. ക്രിക്കറ്റ്താരം സഞ്‍ജു സാംസണായിരുന്നു അന്ന് വിമാനടിക്കറ്റ് സ്പോൺസർ ചെയ്തിരുന്നത്. നിലവിൽ വിമാനടിക്കറ്റിനു വേണ്ട 48000 രൂപ സംഘടിപ്പിക്കാൻ ആദർശ് ബുദ്ധിമുട്ടുന്ന വിവരം മാന്നാറിലെ ഫുടബോൾകോച്ചും മാന്നാർ ഗ്രാമപഞ്ചായത്ത് യൂത്ത് കോ-ഓർഡിനേറ്ററുമായ അനക്സ് തോമസ് സൗഭാഗ്യ സ്വാശ്രയസംഘത്തിന്റെ ശ്രദ്ധയില്പെടുത്തുകയായിരുന്നു. സൗഭാഗ്യയുടെ ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിൽ 25000 രൂപ സംഘം പ്രസിഡന്റ് ഷാജി കല്ലംപറമ്പിൽ ആദർശിന് കൈമാറി. സെക്രട്ടറി സുധീർ എലവൻസ്, ട്രഷറർ സജികുട്ടപ്പൻ, കോർട്ട്ചെയർമാൻ അബ്ദുൽസമദ്, ചാരിറ്റി കൺവീനർ ബിജു ചേക്കാസ്, മുൻ കോർട്ട്ചെയർമാൻ സാബു കാവിൽ, എക്സിക്യു്ട്ടീവംഗം അമൽരാജ്, സുരേഷ്‌നോവ, അനെക്സ് തോമസ്, വൈശാഖ് എന്നിവർ സംസാരിച്ചു. ചൊവ്വാഴ്ച ആദർശ് ഇറ്റലിയിലേക്ക് തിരിക്കും. മാന്നാർ കുട്ടംപേരൂർ പുതുപ്പള്ളിൽ വീട്ടിൽ പ്രകാശൻ-രജനി ദമ്പതികളുടെ മകനാണ് ആദർശ്.