chennasserikulam

മാന്നാർ: വർഷങ്ങളായി മാലിന്യ നിക്ഷേപ കേന്ദ്രമായിക്കിടന്ന കുളഞ്ഞിക്കാരാഴ്മ പതിനാലാം വാർഡിലെ ചേനാശ്ശേരിക്കുളത്തിന് ശാപമോക്ഷം നൽകി നവീകണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മഴക്കാലമായാൽ കുളം കരകവിഞ്ഞ് മാലിന്യങ്ങൾ ഒഴുകി പ്രദേശവാസികൾ വളരെ ബുദ്ധിമുട്ടുന്ന അവസ്ഥയായിരുന്നു .സാങ്കേതികമായ തടസങ്ങളിൽ കുരുങ്ങി നവീകരണ പ്രവർത്തനങ്ങൾ വർഷങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. ആദ്യഘട്ടമായി നാലുമാസങ്ങൾക്ക് മുമ്പ് കുളത്തിലെ മാലിന്യങ്ങൾ നീക്കംചെയ്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. രണ്ടാംഘട്ടത്തിൽ അഞ്ച് ലക്ഷം രൂപ വകയിരുത്തി കുളത്തിന്റെ നാലു വശവും സംരക്ഷണഭിത്തി കെട്ടിയും രണ്ടു വശങ്ങളിലായി കൈവരികൾ നിർമ്മിച്ചും കുളം മനോഹരമാക്കുകയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വാർഡ് മെമ്പർ ടി.വി.രത്നകുമാരിയുടേയും പ്രദേശവാസികളുടേയും നിരന്തര പരിശ്രമഫലമായിട്ടാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ചെമ്പകപ്പള്ളി - മേനാംവിളയിൽ റോഡിന്റെ റീടാറിംഗുൾപ്പെടെ മഴക്കാലമെത്തുന്നതിന് മുമ്പായി നിർമ്മാണം പൂർത്തികരിക്കാനുള്ള ശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്.