
ചാരുംമൂട് : തെരുവ് നായ്ക്കളിൽ അജ്ഞാത രോഗം പടരുന്നു.പ്രദേശവാസികൾ ഭീതിയിൽ .
താമരക്കുളം ഗ്രാമ പഞ്ചായത്ത് ടൗൺ വാർഡിൽ മേക്കുംമുറി ഭാഗത്ത് തമ്പടിച്ചിട്ടുള്ള നായ്ക്കൾക്കാണ് രോഗം പടർന്നിരിക്കുന്നത്. നായ്ക്കളുടെ രോമം മുഴുവൻ പൊഴിയുകയ്യും പുഴുക്കടി പോലെ കുരുക്കളുണ്ടായി പഴുത്ത് പൊട്ടി ആരോഗ്യം നഷ്ടമാവുന്നതായാണ് കണ്ടുവരുന്നത്. ആരോഗ്യം നശിച്ച ചില നായ്ക്കൾ ചത്തുപോയതായായും നാട്ടുകാർ പറഞ്ഞു. കൂട്ടത്തിലുള്ള നായ്ക്കൾക്കുൾപ്പെടെ രോഗം പകരുകയും ചെയ്യുന്നുണ്ട്.ദേഹം പഴുത്ത നായ്ക്കൾ വീടുകളിൽ കയറി ഇറങ്ങുന്നതാണ് പ്രദേശവാസികളെ ഭീതിയിലാക്കുന്നത്. വീട്ടുകാരില്ലാത്ത സമയം ഇവ വീടുകളിൽ കയറി കിടക്കുന്നതും പതിവാണ്. ഇതു മൂല രോഗാണുക്കൾ പകർന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടാകുമോ എന്ന ഭീതിയിലായതോടെ നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിരിക്കുകയാണ്.