s

ആലപ്പുഴ : സ്കൂൾ ബസുകൾ വീണ്ടും നിരത്തിലിറങ്ങുന്നതിന് മുന്നോടിയായുള്ള ഫിറ്റ്നസ് പരിശോധനയ്ക്ക് ജില്ലയിൽ നാളെ തുടക്കമാകും.സ്പീഡ് ഗവർണറുകൾ, ജി.പി.എസ് സംവിധാനം എന്നിവ മുതൽ അടിയന്തരാവശ്യത്തിന് ബന്ധപ്പെടേണ്ട ഫോൺ നമ്പരുകൾ പതിച്ചിരിക്കുന്നത് വരെ പരിശോധനയ്ക്ക് വിധേയമാക്കും. എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന വാഹനങ്ങളിൽ മാത്രമേ ക്ലിയറൻസ് സ്റ്റിക്കർ പതിക്കൂ. സ്റ്റിക്കർ ലഭിക്കാത്ത വാഹനങ്ങൾക്ക് സർവ്വീസ് നടത്താനാവില്ല.

ഭൂരിപക്ഷം സ്കൂൾ വാഹനങ്ങളും കഴിഞ്ഞ രണ്ട് വർഷത്തോളം തുടർച്ചയായി കട്ടപ്പുറത്തായിരുന്നതിനാൽ എൻജിൻ തകരാർ മുതലുള്ള നിരവധി പ്രശ്നങ്ങൾക്ക് സാദ്ധ്യതയുണ്ട്. ജൂൺ ഒന്ന്, രണ്ട് തിയതികളോടെ ജില്ലയിലെ എല്ലാ സ്കൂൾ വാഹനങ്ങളുടെയും പരിശോധന പൂർത്തിയാക്കാനാണ് മോട്ടോർ വാഹന വകുപ്പ് ആലോചിക്കുന്നത്.

നിർബന്ധമായും പാലിക്കേണ്ടവ

1.സ്പീ‌ഡ് ഗവർണർ, ജി.പി.എസ്

2.ജി.പി.എസ് സുരക്ഷാമിത്ര സൈറ്റുമായി ബന്ധിപ്പിച്ചിരിക്കണം

3.പരമാവധി വേഗത 50 കി മീ ആയി സെറ്റ് ചെയ്തിരിക്കണം

4.അഗ്നിരക്ഷാ സംവിധാനങ്ങൾ

6.അടിയന്തരാവശ്യങ്ങളിൽ തുറക്കാവുന്ന വാതിൽ

7.ഹെൽപ്പ് ലൈൻ നമ്പരുകൾ എഴുതിയിരിക്കണം

മോട്ടോർ വകുപ്പിന്റെ നിർദ്ദേശങ്ങൾ

1. ഡ്രൈവർക്ക് കുറഞ്ഞത് 10 വ‌ർഷത്തെ ഡ്രൈവിംഗ് പരിചയം

2. വലിയ വാഹനം ഓടിക്കുന്നവർക്ക് 5 വർഷത്തെ പരിചയം

3. കുറ്റകൃത്യങ്ങളുടെ പേരിൽ ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ടവരാകരുത്

4. കുട്ടികളെ വാഹനത്തിൽ നിറുത്തി യാത്ര ചെയ്യരുത്

5. സ്കൂൾ ആവശ്യങ്ങൾക്ക് മാത്രം സ‌ർവ്വീസ്

6. വാഹനത്തിൽ രജിസ്റ്റർ സൂക്ഷിക്കണം

7. ഡോർ അറ്റൻഡ‌ർമാർ വേണം

ഓൺ സ്കൂൾ ഡ്യൂട്ടി

കുട്ടികളെ കൊണ്ടുപോകുന്ന ഇതര വാഹനങ്ങൾ വെള്ള ബോർഡിൽ നീല അക്ഷരത്തിൽ ഓൺ സ്കൂൾ ഡ്യൂട്ടി എന്നെഴുതണം

എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നവർക്ക് മാത്രമേ ചെക്ക്ഡ് സ്റ്റിക്കർ പതിച്ച് നൽകൂ. സ‌ർവ്വീസ് ആരംഭിച്ച ശേഷവും നിരന്തര പരിശോധനകളുണ്ടാവും

-സജിപ്രസാദ്, ആർ.ടി.ഒ, ആലപ്പുഴ