
ഹരിപ്പാട്: മുച്ചക്ര സൈക്കിളിൽ സഞ്ചരിച്ച ഭിന്നശേഷിക്കാരനായ ലോട്ടറി കച്ചവടക്കാരൻ ടൂറിസ്റ്റ് ബസ് ഇടിച്ചു മരിച്ചു. വെട്ടുവേനി ആതിര ഭവനത്തിൽ മാധവന്റെ മകൻ അജി (52) ആണ് മരിച്ചത്. ദേശീയപാതയിൽ മാധവ ജംഗ്ഷന് സമീപം ഇന്നലെ പുലർച്ചെ 5.30 ഓടെ ആയിരുന്നു അപകടം. ലോട്ടറി വില്പനക്കിടെ റോഡ് മുറിച്ചു കടക്കുമ്പോൾ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അജിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വർഷങ്ങൾക്ക് മുൻപ് മരം മുറിക്കുന്നതിനിടെ വീണ് പരിക്കേറ്റതിനെത്തുടർന്ന് അജിയുടെ ഇടതു കാൽ മുട്ടിനു മുകളിൽ വച്ച് മുറിച്ചു മാറ്റിയിരുന്നു. തുടർന്ന് മത്സ്യ വ്യാപാരം നടത്തിയതിന് ശേഷമാണ് ലോട്ടറി കച്ചവടത്തിനിറങ്ങിയത്. ദിവസവും 4.30 ന് വീട്ടിൽ നിന്നും ഇറങ്ങി ഹരിപ്പാട് എത്തി മത്സ്യ വ്യാപാരികൾക്ക് ഉൾപ്പടെ ലോട്ടറി നൽകുന്നത് പതിവാണ്. ഭാര്യ: സുലോചന. മക്കൾ: ആതിര, അഖിൽ.