s

ആലപ്പുഴ : കുണ്ടും കുഴിയും നിറഞ്ഞ റോഡ്. തെളിയാത്ത വഴിവിളക്കുകൾ. രാത്രിയുടെ മറപറ്റി പരസ്യ മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും. ഉൾനാടൻ ഗ്രാമത്തിലൊന്നുമല്ല ഇത്. ആലപ്പുഴ നഗരത്തിന്റെ ഹൃദയത്തിൽ തന്നെയാണ്. വൈ.എം.സി.എയ്ക്ക് കിഴക്ക് ഭാഗത്ത് നിന്ന് സൂപ്പർ മാർക്കറ്റിന് സമീപത്തു കൂടെ വടക്കോട്ടുള്ള റോഡിലെ (വൈ.എം.സി.എ - കെ.എസ്.സി.എം.എം.സി റോഡ് ) വഴിവിളക്കുകൾ മിഴി തുറന്നിട്ട് മാസങ്ങളേറെയായി. റോഡിന്റെ പുനരുദ്ധാരണം വൈകുന്നതിനാൽ കാൽനടയാത്ര പോലും ദുഷ്കരമാണ്.

ഇരുട്ടു വീണാൽ സാമൂഹ്യ വിരുദ്ധരുടെ താവളമായി ഇവിടം മാറും. സ്ത്രീകളും ട്യൂഷൻ കഴിഞ്ഞു മടങ്ങുന്ന കുട്ടികളും സന്ധ്യയ്ക്കുശേഷം ഭയപ്പാടോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഏതാനും മാസം മുമ്പ് പട്ടാപ്പകൽ വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. രാത്രികാലത്തും പകൽസമയത്തും ഇഴജന്തുക്കളുടെ ശല്യം കാൽനടക്കാരുടെ ജീവന് ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം സമീപത്തെ ഒരു വീട്ടിൽ നിന്ന് മലമ്പാമ്പിനെ പിടിച്ചിരുന്നു.

പരാതിക്ക് വിലയില്ല

വഴിവിളക്ക് തെളിയിക്കണമെന്നും റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികൾ നഗരസഭയിലും കെ.എസ്.ഇ.ബിക്കും പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വഴിവിളക്കുകൾ തെളിയാതായതോടെ സ്ത്രീകളും കുട്ടികളുമടക്കം അസിസ്റ്റന്റ് എൻജിനീയർ,എക്‌സിക്യൂട്ടീവ് എൻജിനീയർ തുടങ്ങിയവരുടെ മുന്നിൽ പരാതിയുമായി എത്തിയെങ്കിലും ഒരു ഫലവും കണ്ടില്ല. വാർഡ് കൗൺസിലർ ഇടപ്പെട്ട് കെ.എസ്.ഇ.ബിയിൽ ബന്ധപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ല. തങ്ങളുടെ ദുരവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനായി മുഖ്യമന്ത്രി, വൈദ്യുതി മന്ത്രി, വൈദ്യുതി ബോർഡ് ചെയർമാൻ എന്നിവർക്ക് ഭീമഹർജി സമർപ്പിക്കാനൊരുങ്ങുകയാണ് പ്രദേശവാസികൾ.

കഴിഞ്ഞ രണ്ടു വർഷമായി ഇവിടെ വഴിവിളക്ക് തെളിഞ്ഞിട്ടില്ല. റോഡ് പുനരുദ്ധരിക്കുന്നതിനും വഴിവിളക്ക് തെളിയിക്കുന്നതിനും നഗരസഭയിലും കെ.എസ്.ഇ.ബിയിലും ഒന്നിലധികം തവണ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ല

-സോമൻ, പ്രദേശവാസി

കയർ യന്ത്ര നിർമ്മാണ ഫാക്ടറിക്ക് വടക്ക് ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്ത് രാത്രികാലത്ത് മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും നടക്കുന്നുണ്ട്. ഈ ഭാഗത്ത് പൊലീസിന്റെ പട്രോളിംഗ് നടക്കാത്തത് സാമൂഹ്യ വിരുദ്ധർക്ക് സഹായകരമാകുന്നു.

-പ്രദീപൻ, ചാത്തനാട്