ചേർത്തല :പാലക്കാട് വടക്കഞ്ചേരിയിൽ വാഹനാപകടത്തിൽ മരിച്ച അർത്തുങ്കൽ ചമ്പക്കാട്ട് പോൾ(പൈലി-72),ഭാര്യ റോസ്ലി(64),പോളിന്റെ സഹോദരൻ വർഗീസിന്റെ ഭാര്യ ജെസി (50) എന്നിവരുടെ സംസ്‌കാരം ഇന്ന് രാവിലെ 10ന് അർത്തുങ്കൽ സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ നടക്കും.തിങ്കളാഴ്ച വൈകിട്ടോടെയാണ് മൂന്നു പേരുടെയും മൃതദേഹങ്ങൾ അർത്തുങ്കലിലേക്കെത്തിച്ചത്.ആദ്യം പൈലിയുടെ വീട്ടിലാണ് മൂന്നു മൃതദേഹങ്ങളും ഒന്നിച്ചു കിടത്തിയത്.തുടർന്ന് കുടുംബ വീട്ടിലേക്ക് മാറ്റി.ഇന്ന് രാവിലെ 8ന് വീട്ടിലെ കർമ്മങ്ങൾക്കു ശേഷം മൃതദേഹങ്ങൾ പള്ളിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.പൊതുദർശനത്തിനുശേഷം 9ന് ദിവ്യബലി.തുടർന്ന് കൊച്ചി രൂപതാ വികാരി ജനറൽ ഫാ.ഷൈജു പരുത്തുശേരിയുടെ കാർമ്മികത്വത്തിൽ സംസ്‌കാര ശുശ്രൂഷ.
അർത്തുങ്കലിൽ നിന്നും വേളാങ്കണ്ണി തീർഥാടനത്തിനു പോയ ബന്ധുക്കളായ സംഘമാണ് അപകടത്തിൽ പെട്ടത്.ഞായറാഴ്ച ഉച്ചയോടെയുണ്ടായ അപകടത്തിൽ മരിച്ച മൂന്നുപേർക്ക് പുറമെ ബന്ധുക്കളായ ഒമ്പതുപേർക്കും ഡ്രൈവർക്കും പരിക്കേറ്റിരുന്നു.പരിക്കേറ്റവരെ എറണാകുളത്തെയും ചേർത്തലയിലെയും സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങളും നടക്കുന്നുണ്ട്.
മൃതദേഹങ്ങൾ അർത്തുങ്കലിലെ ചമ്പക്കാട്ട് വീട്ടിലെത്തിച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കുന്നതിന് വിതുമ്പലുകളോടെ വൻജനാവലിയാണ് എത്തിയത്.മൂന്നു മൃതദേഹങ്ങളും ഒരേ വീട്ടിലാണ് പൊതു ദർശനത്തിനായി വച്ചിരിക്കുന്നത്.കൊച്ചി രൂപതാ ബിഷപ്പ് ഡോ.ജോസഫ് കരിയിൽ,പള്ളി വികാരി ഫാ.ജോൺസൺ തൗണ്ടയിൽ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോമി ഏലേശ്ശേരി,ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.ഡി.ഷിമ്മി,മറ്റ് ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.