മാന്നാർ: സെർവർ തകരാറിലായതിനെ തുടർന്ന് മാന്നാർ മേഖലയിൽ ഇന്നലെ റേഷൻ വിതരണം മുടങ്ങി. വൈകുന്നേരം അഞ്ച് മുതലാണ് തകരാർ സംഭവിച്ചത്. റേഷൻ വിതരണത്തിന്റെ അവസാന ദിനങ്ങളായതിനാൽ നിരവധി പേരാണ് എത്തിയിരുന്നത്. ഇ - പോസ് മെഷീനിൽ കാർഡ് നമ്പർ നൽകുമ്പോൾ പേര് വിവരങ്ങൾ വരുന്നതിന് മുമ്പായി തന്നെ തകരാർ സൂചിപ്പിക്കുന്ന സന്ദേശമാണ് എത്തുന്നത്.
ഏറെനേരം കാത്തിരുന്നശേഷം റേഷൻ വാങ്ങാനെത്തിയവർ തിരികെ പോയി. രണ്ട് മാസംമുമ്പ് ഇത്തരത്തിൽ സെർവർ തകരാറായപ്പോൾ ഏഴ് ജില്ലകൾക്ക് രാവിലെയും ഏഴ് ജില്ലകൾക്ക് വൈകുന്നേരവും ആക്കി സമയം ക്രമീകരിച്ചാണ് റേഷൻ കടകളുടെ പ്രവർത്തനങ്ങൾ നടത്തിയത്. തുർന്ന് സെർവർ തകരാർ പരിഹരിക്കുകയും സാധാരണ നിലയിൽ വിതരണം കുഴപ്പമില്ലാതെ നടന്നു വരുകയുമായിരുന്നുവെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ഇപ്പോൾ താത്കാലികമായിട്ടുണ്ടായ തകരാറാണെന്നും വരും ദിനങ്ങളിൽ സാധാരണ നിലയിലാകുമെന്നും സപ്ലൈകോ അധികൃതർ പറഞ്ഞു.