
ആലപ്പുഴ : നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. എ.ജെ പാർക്ക് ഹോട്ടലിൽ നിന്നും പ്ലാസ്റ്റിക് ട്രേയിൽ ഫ്രീസറിൽ സൂക്ഷിച്ച പഴകിയ ക്വാളി ഫ്‌ളവർ വറുത്തത്, ബീഫ് വറുത്തത്, ചിക്കൻ ഫ്രൈ, ബീഫ് കറി,പഴകിയ ബിരിയാണി ചോറ് , ന്യൂഡിൽസ് വേവിച്ചത് എന്നിവയും ഇരുമ്പ് ചീനച്ചട്ടിയിൽ സൂക്ഷിച്ച പഴകിയ എണ്ണയും പിടിച്ചെടുത്തു.
ശങ്കരപാണ്ഡ്യൻ, ജയലക്ഷ്മി നിവാസ് എന്നയാളുടെ കടയിൽ നിന്ന് വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ച നെയ്യപ്പം, വെട്ടുകേക്ക് എന്നിവയും സക്കറിയ ബസാറിലെ താഫ് ഫാസ്റ്റ് ഫുഡിൽ നിന്ന് പഴകിയ എണ്ണയും കണ്ടെത്തി.വനിതശിശു ആശുപത്രി ക്യാന്റീനിൽ ഫ്രിഡ്ജും, പരിസരവും വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു. പഴകിയ വറുത്തരച്ച കറികളും, പിടിച്ചെടുത്തു. വലിയകുളം വാർഡിലെ ഹോട്ടൽ ചില്ലീസ്, ഹോട്ടൽ സയാമീസ്, റെയിൽവേ സ്റ്റേഷൻ വാർഡിലെ പൂയം ടീ ഷോപ്പ്, സ്റ്റേഡിയം വാർഡിലെ കല്ലായി ഹോട്ടൽ എന്നീ സ്ഥാപനങ്ങളിലെ അടുക്കള വൃത്തിഹീനമായി കാണപ്പെട്ടു.
നഗരസഭ സൗത്ത് ഫസ്റ്റ് സർക്കിൾ എച്ച്.ഐ ബി.അനിൽകുമാർ, സൗത്ത് സെക്കൻഡ് എച്ച്.ഐ ഹർഷിദ്, ജെ.എച്ച്.ഐമാരായ സുമേഷ് പവിത്രൻ, വി.ശിവകുമാർ, എസ്.സതീഷ്, ബി.ശാലിമ, ഷബീന, കെ.സ്മിതമോൾ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പിഴ ഈടാക്കിയതായും പിടിച്ചെടുത്ത ഭക്ഷണസാധനങ്ങൾ നശിപ്പിച്ചതായും നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ്, ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് എന്നിവർ അറിയിച്ചു.