
അമ്പലപ്പുഴ: ദേശീയപാതയിൽ കാക്കാഴം മേൽപ്പാലത്തിലെ കുഴിയടപ്പ് പ്രഹസനമായി മാറി. അപകടക്കുഴികളെപ്പറ്റിയുള്ള മാദ്ധ്യമ വാർത്തകളെ തുടർന്ന് 20ന് മെറ്റലും എം സാൻഡും ഉപയോഗിച്ച് അടച്ച ഭാഗങ്ങൾ മഴയത്ത് മെറ്റൽ ഒലിച്ച് പോയതോടെ മൂന്ന് ദിവസത്തിനുള്ളിൽ വീണ്ടും കുഴികളായി മാറി. തിരക്കേറിയ ദേശീയപാതയിൽ കാക്കാഴം മേൽപ്പാലത്തിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായതോടെയാണ് അറ്റകുറ്റപ്പണി നടത്തിയത്. കണ്ണിൽ പൊടിയിടാനുള്ള അറ്റകുറ്റപ്പണിക്കെതിരെ വരും ദിവസങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികൾ.