
ഹരിപ്പാട്: ആറ്റിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കരുവാറ്റ ഊട്ടുപറമ്പ് വള്ളിയിൽ ഉണ്ണിക്കൃഷ്ണൻ നായർ-ശ്രീകല ദമ്പതികളുടെ മകൻ അരവിന്ദിന്റെ (15) മൃതദേഹമാണ് ഇന്നലെ രാവിലെ പത്ത് മണിയോടെ ചെറുതന പാലത്തിന് സമീപം നിന്ന് ഫയർഫോഴ്സിന്റെ സ്കൂബാ ടീം കണ്ടെടുത്തത്. ഹരിപ്പാട് അമൃതാ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അരവിന്ദ് തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയാണ് പത്തോളം സുഹൃത്തുക്കളുമായി ചെറുതന പാലത്തിന് സമീപം അച്ചൻകോവിലാറിലെ ആളൊഴിഞ്ഞ കടവിൽ കുളിക്കാനിറങ്ങിയത്.
ശക്തമായ ഒഴുക്കിൽപ്പെട്ട് അരവിന്ദ് മുങ്ങി താഴ്ന്നതോടെ,കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ബഹളം വച്ചതിനെ തുടർന്ന് പ്രദേശവാസികൾ ഓടിക്കൂടുകയും വീയപുരം പൊലീസിനേയും ഹരിപ്പാട് ഫയർഫോഴ്സിനേയും വിവരം അറിയിക്കുകയും ചെയ്തു. പ്രദേശവാസികളുടെ സഹകരണത്തോടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് രാത്രിയിൽ തിരച്ചിൽ അവസാനിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഹരിപ്പാട് ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ ടി.സുരേഷിന്റെ നേതൃത്വത്തിലുള്ള സ്ക്യൂബ ടീം അംഗങ്ങളായ പ്രേംകുമാർ, മനു വി.നായർ, ബിജുമോൻ, ബിജുകുമാർ എന്നിവരും വീയപുരം പൊലീസ് ഇൻസ്പെക്ടർ ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്നാണ് തിരച്ചിൽ നടത്തിയത്. അരവിന്ദിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കാരം നടത്തി