
ചേർത്തല: തെരുവുനായകളുടെ ആക്രമണത്തിൽ ഗർഭിണിയായ ആട് ചത്തു. പശുക്കിടാവിനും കടിയേറ്റു. കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാർഡ് ആശാലയത്തിൽ അശോകന്റെ ആടാണ് ചത്തത്. തൊഴുത്തിലുണ്ടായിരുന്ന പശുക്കിടാവിനും മറ്റൊരു ആടിനും നായകളുടെ കടിയേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുകാർ നോക്കുമ്പോൾ നായകൾ കൂട്ടമായി ആടിനെ ആക്രമിക്കുകയായിരുന്നു. പ്രദേശത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാണ്. സന്ധ്യയായാൽ വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാരെന്ന് നാട്ടുകാർ പറയുന്നു.