photo

മാലിന്യം കൂട്ടിയിട്ട് ബീച്ചിൽ ജില്ലാ ഭരണകൂടത്തിന്റെ പരസ്യ നിയമലംഘനം

ആലപ്പുഴ : തെരുവുകളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നിയമ നടപടി എടുക്കേണ്ടവർ തന്നെ പരസ്യമായി നിയമം ലംഘിക്കുന്നതിന്റെ കാഴ്ച നേരിട്ടറിയണോ? ആലപ്പുഴ ബീച്ചിലേക്ക് ഒന്നു ചെന്നാൽ മതി. ഇവിടെ മാലിന്യം ചാക്കുകളിലാക്കി കൂട്ടിയിട്ടിട്ട് ദിവസങ്ങളായിട്ടും ഉത്തരവാദികളായ ജില്ലാ ഭരണകൂടത്തിന് ഒരു കുലുക്കവുമില്ല.

പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്ന സാധാരണക്കാരിൽ നിന്ന് ഭീമമായ തുക പിഴ ഇൗടാക്കുമ്പോഴാണ് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവാദിത്വരഹിതമായ ഈ നടപടി. "ഇവിടെ ഭക്ഷണ അവശിഷ്ടങ്ങളും മാലിന്യവും അലക്ഷ്യമായി നിക്ഷേപിക്കരുത്" എന്ന് കാട്ടി ബീച്ചിൽ തുറമുഖ വകുപ്പ് സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് ബോർഡിന് ചുറ്റുമാണ് മാലിന്യം നിറച്ച ചാക്കുകെട്ടുകൾ കൂട്ടിയിട്ടിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആലപ്പുഴ ബീച്ചിൽ കഴിഞ്ഞ ദിവസങ്ങളിൽ സംഘടിപ്പിച്ച വിവിധ പരിപാടികൾക്ക് ശേഷം അവശേഷിച്ച മാലിന്യങ്ങളാണ് ചാക്കിലാക്കി ഇവിടെ ഇട്ടിട്ടുള്ളത്. പരിപാടി കഴിഞ്ഞ് ദിവസങ്ങളായെങ്കിലും ഇവ നീക്കം ചെയ്യാൻ നടപടിയുണ്ടാകാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

25 ലധികം ചാക്കുകെട്ടുകൾ

ഭക്ഷണ അവശിഷ്ടങ്ങളും പ്ളാസ്റ്റിക് മാലിന്യങ്ങളുമടക്കമാണ് 25 ചാക്കുകളിലാക്കി കെട്ടിയിട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട തോരാ മഴയിൽ മാലിന്യങ്ങൾ അഴുകി ദുർഗന്ധം വമിച്ചു തുടങ്ങി. ഇതോടെ സഞ്ചാരികളും ബീച്ചിൽ എത്തുന്നവരും മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ പതിനാറിനാണ് പ്രദർശന-വിപണന മേള സമാപിച്ചത്. മാലിന്യങ്ങൾ നീക്കം ചെയ്യാൻ സംഘാടകർ ഒരു സ്വകാര്യ സ്ഥാപനത്തെയും നഗരസഭയിലെ കുടുംബശ്രീ പ്രവർത്തകരെയുമാണ് ചുമതലപ്പെടുത്തിയത്. എന്നാൽ ഇരുകൂട്ടരും മാലിന്യം നീക്കിയില്ല.

" സർക്കാരിന്റെ വാർഷികത്തോടനുബന്ധിച്ചു നടന്ന പരിപാടികളുമായി ബന്ധപ്പെട്ടുണ്ടായ മാലിന്യങ്ങൾ നീക്കം ചെയ്യാൻ കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നതാണ്. എത്രയും വേഗത്തിൽ ഇവ നീക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്'.

- ജില്ലാ ഇൻഫർമേഷൻ ഓഫീസർ (സംഘാടക സമിതി ജനറൽ കൺവീനർ)