ph

വള്ളികുന്നം: കിണറുമുക്ക് - പുത്തൂരേത്ത് ജംഗ്ഷൻ റോഡ് നിർമാണം പൂർത്തിയായിട്ടും ചപ്പാത്തുകളുടെ നിർമാണം പൂർത്തിയാകാത്തത് വൻ ദുരന്തഭീഷണി ഉയർത്തുന്നു. കൊല്ലശേരി ജംഗ്ഷൻ, ചിറ്റയ്ക്കാട്ട് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് പ്രശ്നം കൂടുതൽ വഷളായിരിക്കുന്നത്.

ഒന്നര വർഷം മുൻപായിരുന്നു ഈ റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തിയായത്. ഒന്നര വർഷകാലം റോഡ് നിർമ്മിച്ചിരുന്നില്ല. ഇത് 'കേരള കൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് റോഡ് ടാറിംഗ് പൂർത്തിയാക്കിയെങ്കിലും പിന്നീട്,ചപ്പാത്തുകൾ ദുരിതമായി മാറുകയാണ്.

കൊല്ലശേരി ജംഗ്ഷനിൽ ചപ്പാത്ത് നിർമ്മിക്കുവാൻ യന്ത്രം ഉപയോഗിച്ച് തുരന്നപ്പോൾ പഴയകാല ഓട കാണപ്പെട്ടിരുന്നു.ഇത് പൊളിച്ചത് നിർമ്മാണത്തിന് കൂടുതൽ ബുദ്ധിമുട്ടായി മാറി. ഇവിടെ കമ്പികൾ ഉയർന്ന് കാൽനടയാത്രക്കാർക്കും യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയാവുകയായിരുന്നു. മഴവെള്ളം കെട്ടി കിടന്നതോടെ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവ് കാഴ്ച്ചയായി. ഇതിനോട് ചേർന്ന് ഇലക്ട്രിക് ട്രാൻസ്ഫോമർ നിൽക്കുന്നത് സ്ഥിതി ഏറെ ഗുരുതരമാക്കുന്നു. റോഡ് ടാർ ചെയ്തെങ്കിലും വശങ്ങളിലെ ഇന്റർലോക്ക് നിർമ്മാണം പൂർത്തിയാകാത്തതും അപകടക്കെണിയാവുകയാണ്.

തഴവ ,ചങ്ങൻകുളങ്ങര, നാഷണൽ ഹൈവേ എന്നിവിടങ്ങളിലേക്കും നിരവധി പൊതു സ്ഥാപനങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും പ്രദേശത്തെ ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്നത് രാജപാതയെന്ന് പഴയ കാലത്ത് അറിയപ്പെട്ടിരുന്ന ഈ റോഡിനെയാണ്. 70 വർഷത്തിലേറെ പഴക്കമുള്ള റോഡിൽ കഴിഞ്ഞ പത്തു വർഷത്തോളമായി വിവിധ കാരണങ്ങളാൽ യാത്ര ദുരിതപൂർണമാകുന്നത് നാട്ടുകാരിൽ വൻ പ്രതിഷേധത്തിന് ഇടയാക്കുകയാണ്. പൊതുമരാമത്ത് അധികൃതരുടെ അനാസ്ഥയാണ് ഇതിന് പ്രധാന കാരണമെന്നും ഇവർ ചൂണ്ടി കാട്ടുന്നു.

....................................

വട്ടയ്ക്കാട് കിണറുമുക്ക് -പുത്തൂരേത്ത് ജംഗ്ഷൻ റോഡിലെ കൊല്ലശ്ശേരി ജംഗ്ഷൻ വർഷങ്ങളായി ഇവിടെ ദുരിതാവസ്ഥയാണ്. റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചാൽ ഇതു മാറുമെന്ന് കരുതിയിരുന്നു. അധികൃതരുടെ ഭാഗത്തു നിന്നും വൻ അനാസ്ഥയാണ് ഉള്ളത്.
ശ്രീകുമാർ വ്യാപാരി

..............................

ഇരുചക്രവാഹന യാത്രികർ മാത്രമല്ല കാൽനടയാത്രക്കാർക്കും ഇതുവഴി യാത്ര ചെയ്യുവാൻ കഴിയാത്ത അവസ്ഥയാണ്. ഉടനടി പരിഹാരം ഉണ്ടായില്ലെങ്കിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും.

ഭാസുരൻ പ്രദേശവാസി