ആലപ്പുഴ: വ്യായാമത്തിനും വിശ്രമത്തിനുമായി ആലപ്പുഴ നഗരസഭ ബീച്ചിൽ ഒരുക്കുന്ന ഓപ്പൺ ജിംനേഷ്യവും പാർക്കും യാഥാർത്ഥ്യമാകുന്നതിൽ തടസ്സമായി നിൽക്കുന്നത് തുരുമ്പ് ഭീഷണി. ജിം ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ ഇതിനകം രണ്ടു പേർ എടുത്തെങ്കിലും ജോലി ആരംഭിക്കാനായില്ല. കടലോരത്ത് തുരുമ്പെടുക്കാത്ത സ്റ്റീൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിലെ വെല്ലുവിളിയാണ് ടെൻഡർ എടുത്തവരെ പിന്നിലേക്ക് വലിക്കുന്നതെന്ന് അധികൃതർ പറയുന്നു. ജോലി ഏറ്റെടുക്കാൻ സമീപിച്ചവരിൽ ആർക്കും കടലോരത്ത് ഇത്തരം ഉപകരണങ്ങൾ സ്ഥാപിച്ച് മുൻ പരിചയമില്ല. മേഖലയിൽ അനുഭവസമ്പത്തുള്ളവരെ കണ്ടെത്തി പദ്ധതി പൂർണമായും പ്രാവർത്തികമാക്കാനാണ് ശ്രമിക്കുന്നതെന്ന് നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ പറഞ്ഞു. ജിം ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപയാണ് ആദ്യം അനുവദിച്ചിരുന്നത്. ഭിന്നശേഷി കുട്ടികൾക്ക് കൂടി പ്രയോജനകരമാകുന്ന കളി ഉപകരണങ്ങൾ കൂടി സ്ഥാപിക്കുന്നതിനായി പിന്നീട് തുക 20 ലക്ഷമായി ഉയർത്തിയിരുന്നു. ടൈൽ പാകി നടപ്പാതയും, സ്റ്റേജും ലോണുകളും ഏറെക്കുറെ പൂ‌ർത്തിയായിട്ടുണ്ട്. ജിംനേഷ്യം യാഥാർത്ഥ്യമാകും മുമ്പ് തന്നെ വ്യായാമത്തിനായി ജനങ്ങൾക്ക് ഈ സ്ഥലം ഉപയോഗിച്ച് തുടങ്ങാമെന്ന് നഗരസഭാ വൈസ് ചെയർമാൻ പറഞ്ഞു. പാർക്കിന്റെ മേൽനോട്ടത്തിനായി രണ്ട് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. മുൻ യു.ഡി.എഫ് ഭരണസമിതി അമൃത് പദ്ധതിയിൽപ്പെടുത്തിയാണ് പാർക്കും ഓപ്പൺ ജിമ്മും നിർമ്മാണം ആരംഭിച്ചത്.

ഒരേക്കറിൽ ഓപ്പൺ ജിംനേഷ്യം, പാർക്ക്

കടപ്പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കും ഹോമിയോ ആശുപത്രിക്കുമിടയിൽ അയ്യപ്പൻപൊഴിക്കുസമീപം ഒരേക്കറിലാണ് ഓപ്പൺ ജിംനേഷ്യവും പാർക്കും ഒരുക്കുന്നത്. 48 ലക്ഷത്തിന്റേതായിരുന്നു പദ്ധതി. സമൂഹവിരുദ്ധരുടെ കേന്ദ്രമായിരുന്നതും മാലിന്യങ്ങൾ തള്ളിയിരുന്നതുമായ പ്രദേശമാണ് ജനങ്ങൾക്കു വിശ്രമിക്കാനുതകുന്ന തരത്തിൽ മാറ്റിയെടുത്തത്. കാറ്റാടി മരങ്ങൾക്കു സമീപത്തുകൂടിയാണ് പാർക്കിൽ നടപ്പാത തയ്യാറാക്കിയിക്കുന്നത്. 790 ചതുരശ്രമീറ്റർ ചുറ്റിവളയുന്നതാണ് നടപ്പാത. തുറന്ന സ്റ്റേജും തയ്യാറാണ്. 1800 ചതുരശ്രമീറ്റർ പ്രദേശത്ത് കൊറിയൻ പുല്ല് വച്ചുപിടിപ്പിക്കാൻ ലക്ഷ്യമിട്ടിരുന്നു. ഇതും വ്യായാമത്തിനായി ഉപകരണങ്ങൾ സ്ഥാപിക്കുന്നതുമുൾപ്പെടെയുള്ള ജോലികളുമാണ് വൈകുന്നത്.

......................................................

ടെൻഡർ എടുത്തവർക്ക് പണി പൂർത്തിയാക്കാൻ സാധിച്ചില്ല. പ്രവർത്തന പരിചയത്തിന്റെ കുറവാണ് വെല്ലുവിളായി കാണുന്നത്. കടലോരത്ത് തുരുമ്പെടുക്കാത്ത സ്റ്റീൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ളവരെ കണ്ടെത്തണം. ആരും സ്വമേധയാ മുന്നിട്ട് വരുമെന്ന് കരുതുന്നില്ല. നിലവിൽ നടപ്പാതയും ലോണുകളും പൂർത്തിയായ പ്രദേശത്ത് ആളുകൾക്ക് വന്നുപോകുന്നതിന് തടസമില്ല.

പി.എസ്.എം.ഹുസൈൻ, വൈസ് ചെയർമാൻ, ആലപ്പുഴ നഗരസഭ