അമ്പലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിൽ പുറക്കാട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കടൽക്ഷോഭം ഉണ്ടാകുന്നതും വീടുകൾ നഷ്ടപ്പെട്ടിട്ടുള്ളതുമായ അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ പുലിമുട്ട് നിർമ്മാണം ആരംഭിക്കാത്തത് എം.എൽ.എ രാഷ്ട്രീയ പകപോക്കൽ കാരണമാണെന്ന് ബി.ജെ.പി അമ്പലപ്പുഴ മണ്ഡലം ഭാരവാഹികളുടെ യോഗം ആരോപിച്ചു. ഈ വാർഡിലെ ജനപ്രതിനിധി ബി.ജെ.പി അംഗമായതു കൊണ്ടാണ് എസ്റ്റിമേറ്റിൽ ഉണ്ടായിട്ടുപോലും പുലിമുട്ട് നിർമ്മാണം ആരംഭിക്കാതിരുന്നത്.സമീപ വാർഡുകളിൽ പുലിമുട്ട് നിർമ്മാണം പുരോഗമിക്കുമ്പോൾ ഇവിടേക്ക് മാത്രം നിർമ്മാണ സാമഗ്രികൾ കിട്ടാനില്ലെന്ന തട്ടാമുട്ടി ന്യായമാണ് ഉദ്യോഗസ്ഥർ പറയുന്നത്. എം.എൽ.എ യുടെ രാഷ്ട്രീയ പകപോക്കലിനെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കാനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് വി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ ഉപാദ്ധ്യക്ഷൻ ടി.കെ.അരവിന്ദാക്ഷൻ, ജില്ലാ സെൽ കോർഡിനേറ്റർ അരുൺ അനിരുദ്ധൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനിൽ പാഞ്ചജന്യം, സന്ധ്യ സുരേഷ്, സംസ്ഥാന സമിതി അംഗം കൊട്ടാരം ഉണ്ണികൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗം വി.ശ്രീജിത്ത്, മണ്ഡലം ഭാരവാഹികളായ കെ.എസ് ജോബി, അജു പാർത്ഥസാരഥി, ജ്യോതി ലക്ഷ്മി, രജിത്ത് രമേശൻ, ജി.രാജീവ് സ്മിതാ മോഹൻ, പി.എസ്.ശ്രീദേവി, ബിജു സാരംഗി, ബി.മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.